കുട്ടികളിലും ഫാറ്റിലിവർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. മായ പീതാംബരൻ പറഞ്ഞു.
കൊച്ചി : ഫാറ്റിലിവർ ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുകയാണെന്നും ബോധവത്കരണവും പ്രതിരോധവും അനിവാര്യമാണെന്നും വിദഗ്ധ ഡോക്ടർമാർ. അന്താരാഷ്ട്ര ഫാറ്റി ലിവർ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ഇത് സംബന്ധിച്ച ചർച്ച ഉയർന്നത്. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ഫാറ്റിലിവർ ഒഴിവാക്കാൻ പൊതുസമൂഹത്തിൽ കൃത്യമായ ബോധവത്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാസ്ട്രോഎൻററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻറുമായ ഡോ. റോയ് ജെ. മുക്കട അധ്യക്ഷത വഹിച്ചു.
മദ്യം ഉപയോഗിച്ചിട്ടില്ലാത്തവരിൽ ഉൾപ്പെടെ ഫാറ്റിലിവർ വ്യാപകമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമുക്കിടയിലെ മൂന്നിലൊരാൾക്ക് ഫാറ്റിലിവറുണ്ടെന്നതാണ് ഇപ്പോഴുത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാറ്റിലിവറിൻറെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സ മാർഗങ്ങളെക്കുറിച്ചും വിദഗ്ധ ഡോക്ടർമാർ വിശദീകരിച്ചു.
90 ശതമാനം ആളുകളിലും ഫാറ്റിലിവറിൻറെ ലക്ഷണങ്ങളുണ്ടാകില്ലെന്ന് ഹെപ്പറ്റോളജി വിഭാഗം ഇൻചാർജും കൺസൾട്ടൻറുമായ ഡോ. വിഷ്ണു ഗിരീഷ് പറഞ്ഞു. ഉയർന്ന ഷുഗർ, കൊളസ്ട്രോൾ, അമിതവണ്ണം, മദ്യപാനം ഇവയൊക്കെയുള്ളവരിൽ ഫാറ്റിലിവർ വരാനുള്ള സാധ്യതയേറെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കുട്ടികളിലും ഫാറ്റിലിവർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. മായ പീതാംബരൻ പറഞ്ഞു. പോഷകഗുണമില്ലാത്ത അമിത കൊഴുപ്പടങ്ങിയ ഭക്ഷണം, കാർബൊണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവയൊക്കെ കുട്ടികളിൽ ഫാറ്റിലിവറിന് കാരണമാകുന്നു.
അമിത വണ്ണമുള്ള കുട്ടികളുടെ ശരീരഭാരം കുറക്കുക, സമീകൃതാഹാരവും വ്യായാമവും ശീലമാക്കുക തുടങ്ങിയവയൊക്കെയാണ് പ്രതിരോധിക്കാനുള്ള വഴികളെന്നും ഡോ. മായ വിശദീകരിച്ചു. ഫാറ്റിലിവർ പൂർണമായും മാറ്റിയെടുക്കാൻ കഴിയുമെന്ന് ഗ്യാസ്ട്രോഎൻററോളജി വിഭാഗം കൺസൾട്ടൻറ് ഡോ. അജിത് സി. കുര്യാക്കോസ് പറഞ്ഞു.
നിയന്ത്രിച്ചില്ലെങ്കിൽ കാലക്രമേണ ഇത് രൂക്ഷമായി ഫൈബ്രോസിസ് എന്ന അവസ്ഥക്ക് കാരണമാകും. ഇത് കരളിൻറെ പ്രവർത്തനം തകരാറിലാക്കും. കൃത്യമായ വ്യായാമം, സമീകൃതാഹാരം, പരിശോധന, മദ്യപാനം ഒഴിവാക്കൽ എന്നിവയൊക്കെയാണ് പ്രതിരോധ മാർഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമായിരിക്കണം കരൾരോഗ ചികിത്സ നടത്തേണ്ടതെന്ന് കോംപ്രഹെൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടൻറ് ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി പറഞ്ഞു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ വലിയ വിജയശതമാനമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് നന്ദി പറഞ്ഞു.


