ബീയജിംഗ്: ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ്. വൈറസ് ബാധയേറ്റ് രണ്ട് പേർ മരിക്കുകയും 40 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തെന്ന് ചൈന വ്യക്തമാക്കുമ്പോല്‍ 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടൻ ആസ്ഥാനമായ ഇംപീരിയൽ കോളേജിന്‍റെ വെളിപ്പെടുത്തൽ. സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് ചൈനയിലെ പകർച്ചവ്യാധി വിഭാഗവും വ്യക്തമാക്കി.

വ്യൂഹാൻ നഗരത്തിൽ ഡിസംബറിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് കരുതിയതിലും അപകടകാരിയാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം രണ്ടുപേർ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ സ്ഥിതിഗതികളെ നിസ്സാരമായി കാണാനാകില്ലെന്നാണ് ആഗോളതലത്തിൽ പകർച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എംആര്‍സി സെന്‍ററിന്‍റെ വിലയിരുത്തൽ. 
ഇതിനോടകം 1700 പേരിലേക്കെങ്കിലും വൈറസ് പടർന്നിട്ടുണ്ടാകാമെന്നാണ് അവരുടെ വിലയിരുത്തൽ. ചൈനക്ക് പുറത്തേക്കും കൊറോണ വൈറസ് എത്തിയിട്ടുണ്ടാകാമെന്നും എംആര്‍സി സെന്‍റര്‍ വിലയിരുത്തുന്നു. തായ്‍ലൻഡിൽ രണ്ടും ജപ്പാനിൽ ഒരു കേസും റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ് സർക്കാരിനും ലോകാരോഗ്യ സംഘടനക്കും ഉൾപ്പെടെ പകർച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സ്ഥാപനമാണ് എംആര്‍സി. 

Read More: ആശങ്കയുയർത്തി കൊറോണ വൈറസ്‌; എടുക്കേണ്ട മുൻകരുതലുകൾ

മുന്നറിയിപ്പിനെ തുടർന്ന് സിംഗപ്പൂരും ഹോങ്കോംഗും വ്യൂഹാനിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലോസ് എയ്‌ഞലസ് വിമാനത്താവളങ്ങളിൽ അമേരിക്കയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൈനയിലേക്ക് പോകുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകി. ജലദോഷമായിട്ടാണ് തുടങ്ങുകയെങ്കിലും ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതാണ് കൊറോണ വൈറസ്.

പടരുന്നതായി റിപ്പോർട്ടുകൾ.വൈറസ് ബാധയേറ്റ് രണ്ട് പേർ മരിക്കുകയും 40 പേർ ചികിത്സ തേടുകയും ചെയ്തു.ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളിലേക്കാണ് വൈറസ് ബാധ വഴിവയ്ക്കുക. സാർസ് പോലെ തന്നെ അപകടകാരിയാണ് കൊറോണയെന്നും റിപ്പോർട്ടുകളുണ്ട്.മധ്യ ചൈനയിലെ പട്ടണങ്ങളിലൊന്നായ വൂഹായിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read More: കൊറോണ വൈറസ്: പടരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ജപ്പാനിലും തായ്‍ലണ്ടിലും വൈറസ് ബാധയേറ്റ് ആളുകൾ ചികിത്സയിലാണ്.വൈറസിന്‍റെ ഉത്ഭവകേന്ദ്രം കണ്ടെത്താനായിട്ടില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമോ എന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുകയാണ്.