ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. സിനിമയുമായി സജീവമല്ലെങ്കില്‍ പോലും മിക്ക താരങ്ങളും വര്‍ക്കൗട്ടില്‍ മുടക്കം വരുത്താറില്ല. ഇപ്പോഴാണെങ്കില്‍ താരങ്ങള്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ഇതില്‍ പങ്കാളികളാകുന്ന കാഴ്ചയാണ് കാണുന്നത്. 

കഴിഞ്ഞ ദിവസം പ്രമുഖ ഫിറ്റ്‌നസ് പരിശീലകനായ ഡേവിഡ് പോസ്‌നിക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു രസകരമായ വീഡിയോ ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണ്. ബോളിവുഡിന്റെ പ്രിയനടനും സംവിധായകനുമൊക്കെയായ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനുമൊത്തുള്ള ലൈവ് ഓണ്‍ലൈന്‍ വര്‍ക്കൗട്ട് സെഷന്‍ ആണ് സംഭവം. 

ഫിറ്റ്‌നസ് തല്‍പരയായ ഇറ ഗുരുവിനോട് സംശയങ്ങള്‍ ചോദിക്കുകയും പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്യുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഇടിച്ചുകയറി 'ഹലോ' പറഞ്ഞിരിക്കുകയാണ് ആമിര്‍ ഖാന്‍. 'ധൂം 3', 'പി കെ' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ആമിര്‍ ഖാന് പരിശീലനം നല്‍കിയിരുന്നത് പോസ്‌നിക് ആയിരുന്നു. 

ഇരുവരും തമ്മില്‍ അത്രയും അടുപ്പമായതിനാല്‍ തന്നെ ലൈവിനിടെയുള്ള ഇടപെടല്‍ വളരെ സൗഹാര്‍ദ്ദപരമായ അനുഭവമാണ് കാഴ്ചക്കാര്‍ക്ക് പകര്‍ന്നത്. വര്‍ക്കൗട്ടില്‍ ചേരുന്നോ എന്ന് പോസ്‌നിക് ചോദിച്ചപ്പോള്‍ ഇല്ല, വെറുതെ ഹായ് പറയാനാണ് താന്‍ വന്നതെന്ന് പറഞ്ഞ് ആമിര്‍ ഒഴിയുന്നുണ്ട്. 

 


'ആമിര്‍ ഖാനെ സിനിമകള്‍ക്ക് വേണ്ടി പരിശീലിപ്പിച്ചിരുന്ന സമയത്ത് ഇറ വെറുതെ അവിടെയെല്ലാം ചുറ്റിപ്പറ്റി നില്‍ക്കുമായിരുന്നു. അന്നൊക്കെ വര്‍ക്കൗട്ടിന് ക്ഷണിച്ചാല്‍ ഓടിപ്പോകും. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇറ വര്‍ക്കൗട്ടൊക്കെ അടിച്ചുപൊളിച്ച് ചെയ്യുമ്പോള്‍ ആമിര്‍ വെറുതെ ഹലോ പറഞ്ഞ് പോവുകയാണ്...' പോസ്‌നിക് ഇന്‍സ്റ്റയില്‍ കുറിച്ചു. 

Also Read:- ജീവനക്കാർക്ക് കൊവിഡെന്ന് ആമിർഖാൻ; അമ്മയുടെ പരിശോധനാ ഫലം നെ​ഗറ്റീവാകാൻ പ്രാർത്ഥിക്കണമെന്നും താരം...