Asianet News MalayalamAsianet News Malayalam

തലശ്ശേരി കോടതിയില്‍ സിക വൈറസ് സ്ഥിരീകരിച്ചു, ഒരാളുടെ പരിശോധന ഫലം പുറത്ത്, നൂറോളം പേര്‍ക്ക് രോഗലക്ഷണം

എല്ലാവരിലും പ്രകടമായിരുന്നത് സിക വൈറസിന്‍റെ ലക്ഷണങ്ങള്‍ തന്നെയന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരെ പരിശോധിക്കാന്‍ നടപടി.

 

About 100 people in thalassery court were infected; Test results are out, one person has tested positive for Zika virus
Author
First Published Nov 4, 2023, 11:16 AM IST

കണ്ണൂര്‍:തലശ്ശേരി ജില്ലാ കോടതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരിൽ ഒരാൾക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തിങ്കളാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. തലശ്ശേരി ജില്ലാ കോടതിയിലെ മൂന്നു കോടതികളിൽ എത്തിയവർക്കായിരുന്നു പനിയും ശരീരത്തിൽ ചുവന്ന പാടുകളും സന്ധിവേദനയും അടക്കമുള്ള രോഗലക്ഷണങ്ങളുണ്ടായത്. ഇതേതുടര്‍ന്ന്  രണ്ടു ദിവസം കോടതികൾ അടച്ചിടേണ്ടി വന്നിരുന്നു. കാരണം കണ്ടെത്തുന്നതിനായി കോടതിയിലെത്തിയ  മെഡിക്കൽ സംഘം രക്ത,സ്രവ  സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. 22 പേരുടെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചതിൽ ഒരാൾക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേരുടെ ഫലം നെഗറ്റീവാണ്. പനിയും ശരീരത്തിൽ ചുവന്ന പാടുകളും ഈഡിസ് കൊതുകുകൾ പരത്തുന്ന സികയുടെ ലക്ഷണങ്ങളാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി, കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കോടതിയിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി.

ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ പേരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.  നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.  മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം (സിക പനി). തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.

തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാരും അഭിഭാഷകരുമുൾപ്പെടെ, നൂറോളം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനാകാത്തതില്‍ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. രോഗലക്ഷണങ്ങളുളളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. കോടതിയിലെ വെളളവും പരിശോധനയ്ക്കയച്ചിരുന്നു. ഒരേ രോഗലക്ഷണങ്ങൾ നൂറോളം പേർക്കാണ് അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലർക്കും ലക്ഷണങ്ങൾ ഉണ്ടായത്. രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. സംഭവത്തെതുടര്‍ന്ന് മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുകയായിരുന്നു.ജഡ്ജിക്കുൾപ്പെടെ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റ് കോടതികളിൽ എത്തിയവർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആ‍ർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.
ഒരേ ലക്ഷണങ്ങളുമായി നൂറോളം പേർ, ജഡ്ജിയടക്കം കോടതിയിലെത്തിയവർക്ക് രോഗം, കാരണം കണ്ടെത്താത്തതിൽ ആശങ്ക

 

Follow Us:
Download App:
  • android
  • ios