അമിത മദ്യപാനം തകര്‍ത്തെറിഞ്ഞ ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് നടിയും സംവിധായികയുമായ പൂജ ഭട്ട്. രണ്ട് വര്‍ഷവും പത്ത് മാസവുമായി ഇപ്പോള്‍ മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തിയിട്ടെന്ന് പൂജ, ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു. 

നിരന്തരമുള്ള മദ്യപാനം തന്റെ വ്യക്തിജീവിതത്തേയും കരിയറിനേയുമെല്ലാം എത്രമാത്രം ബാധിച്ചുവെന്ന് 2017ലാണ് ആദ്യമായി പൂജ തുറന്നുപറഞ്ഞത്. 106ലെ ക്രസ്തുമസ് വൈകുന്നേരത്തോടെ കുടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അമിത മദ്യാസക്തിയുള്ളതിനാല്‍ തന്നെ ആ ശ്രമം എത്രകണ്ട് വിജയിക്കുമെന്നറിയില്ലായിരുന്നു. എന്നാല്‍ അത് വിജയം കാണുക തന്നെ ചെയ്തു- പലപ്പോഴായി പൂജ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങളാണിത്. 

ഇപ്പോള്‍ മദ്യത്തിന് അടിമകളായി, എന്തുചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുന്നവര്‍ക്ക് മാര്‍ഗരേഖ കാണിക്കുകയാണ് പൂജ. രണ്ട് വര്‍ഷവും പത്ത് മാസവുമായി ലഹരിവിമുക്തയായിട്ട്, എനിക്ക് കഴിയാമെങ്കില്‍ നിങ്ങള്‍ക്കെല്ലാം അതിന് കഴിയുമെന്നും പൂജ കുറിച്ചു. 

ബോളിവുഡിലെ പ്രമുഖ സംവിധായകനായ മഹേഷ് ഭട്ടിന്റെ മകളാണ് പൂജ. തൊണ്ണൂറുകളില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച പൂജ പിന്നീട് സിനിമയുടെ അണിയറയിലേക്കും കടന്നു. എന്നാല്‍ പിന്നീട് ദീര്‍ഘമായ ഇടവേളയെടുക്കുകയാരുന്നു. ഇപ്പോള്‍ സഹോദരി ആലിയ ഭട്ടിനൊപ്പം ചേര്‍ന്ന് വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് പൂജ. 'സഡക്' എന്ന തന്റെ പഴയകാല ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് പൂജ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.