ശാരീരികാരോഗ്യത്തിന് നല്‍കുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നല്‍കണമെന്ന അവബോധം ഏറെ ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക രോഗങ്ങള്‍ നിരവധി പേരെ പിടികൂടിയ സമയം കൂടിയാണിത്. 

കൊവിഡ് 19ന്റെ വ്യാപനവും ലോക്ഡൗണും അതിനെ തുടര്‍ന്നുണ്ടായ ഏകാന്തവാസവുമൊക്കെ പലരേയും മാനസികമായി പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെ നടന്‍ സുശാന്ത് സിംഗിന്റെ മരണമുണ്ടാക്കിയ ചര്‍ച്ചകളിലൊരു ഭാഗമായും മാനസികാരോഗ്യം ഉയര്‍ന്നുവന്നിരുന്നു. മുമ്പും പല താരങ്ങളും, പ്രമുഖ വ്യക്തിത്വങ്ങളുമെല്ലാം തങ്ങള്‍ നേരിട്ട മാനസിക വിഷമതകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. 

ഇക്കൂട്ടത്തിലിപ്പോള്‍ ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയ താരം സനുഷയുടെ വെളിപ്പെടുത്തല്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സനുഷ സംസാരിക്കുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോവുകയും ആത്മഹത്യാപ്രവണത വരെ ഉണ്ടാവുകയും ചെയ്ത അനുഭവങ്ങളാണ് സനുഷ പങ്കുവയ്ക്കുന്നത്. 

ഒന്നിനോടും താല്‍പര്യം തോന്നാതിരുന്ന സമയം. ആ മോശം കാലത്തെ അതിജീവിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍, ഡോക്ടറുടെ നിര്‍ദേശങ്ങളും മരുന്നുകളും തന്നെ എത്രത്തോളം സ്വാധീനിച്ചു, സുഹൃത്തുക്കളും കുടുംബവും എത്രത്തോളം പിന്തുണച്ചു.. തുടങ്ങിയ കാര്യങ്ങളാണ് സനുഷ വെളിപ്പെടുത്തുന്നത്. 

താരപരിവേഷമൊന്നുമില്ലാതെ തികച്ചും ഒരു സാധാരണക്കാരിയായാണ് സനുഷ വീഡിയോയില്‍ സംസാരിക്കുന്നത്. താന്‍ കടന്നുപോന്നതിന് സമാനമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുക എന്ന എന്ന സനുഷയുടെ ലക്ഷ്യം തീര്‍ത്തും വിജയിച്ചു എന്ന് വേണം കരുതാന്‍. കാരണം, നിരവധി ആരാധകരാണ് സനുഷയുടെ വെളിപ്പെടുത്തലുകളെ അഭിനന്ദിക്കുകയും അതിന്റെ മൂല്യം മനസിലാക്കി പ്രതികരിക്കുകയും ചെയ്യുന്നത്. 

വീഡിയോ കാണാം...