കൊവിഡ് രോഗിയുടെ തുപ്പലോ മൂക്കില്‍ നിന്നുള്ള സ്രവമോ നിലത്ത് വീഴുകയോ അന്തരീക്ഷത്തില്‍ കലരുകയോ ചെയ്താല്‍ അവ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാം.
ദില്ലി: അന്തരീക്ഷത്തില്‍ കലരുന്ന സൂക്ഷ്മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നും അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേശകന്‍ കെ.വിജയ് രാഘവന്‍. മുറികളില്‍ ശുദ്ധവായു കടക്കുന്നതും ഫാനുകളുടെ ഉപയോഗവും ഇത് കുറയ്ക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു.
കൊവിഡ് രോഗിയുടെ തുപ്പലോ മൂക്കില്‍ നിന്നുള്ള സ്രവമോ നിലത്ത് വീഴുകയോ അന്തരീക്ഷത്തില്‍ കലരുകയോ ചെയ്താല്‍ അവ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാം. മുറികളിലെ വായു ശുദ്ധീകരിക്കാന്‍ വായുസഞ്ചാരം ഏര്‍പ്പെടുത്തുന്നത് അപകടകാരിയായ ഈ വൈറസിന്റെ സാന്നിധ്യം കുറയ്ക്കാനും സഹായിക്കും.
വാക്‌സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും മാസ്‌ക്, സാമൂഹിക അകലം, തുറസ്സായ സ്ഥലങ്ങളിലുളള ജീവിതവും പാലിക്കണമെന്ന് വിജയ് രാഘവന്‍ പറഞ്ഞു. മുറികളില്‍ ഫാന്‍ അനിവാര്യമാണ്. പക്ഷേ ദുഷിച്ച വായു മറ്റുള്ളവരിലേക്ക് എത്തുന്ന വിധത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്. മുറിയുടെ വാതിലുകളും ജനാലകളും അടച്ചിട്ടാല്‍ എക്‌സോസ്റ്റ് ഫാനും പെഡസ്റ്റല്‍ ഫാനുകളും പ്രവര്‍ത്തിപ്പിക്കണം. മുറിയ്ക്കുള്ളില്‍ നിന്ന് വൈറസ് പടരാനുള്ള സാധ്യത ഇതുവഴി പരമാവധി കുറയ്ക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
തൊഴിലിടങ്ങളില്‍ വാതിലുകളും ജനാലകളും പൂര്‍ണ്ണമായും തുറന്നിടണം. എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശുദ്ധവായു പ്രവേശിച്ച് വൈറസ് സാന്നിധ്യമുള്ള വായുവിന്റെ സാന്ദ്രത കുറയ്ക്കും. പരമാവധി വായു സഞ്ചാരത്തിനൊപ്പം എക്‌സോസ്റ്റ് ഫാനുകള്‍ അധികമായി വയ്ക്കുന്നതും ഉചിതമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
