ദില്ലി: രാജ്യത്ത് പടർന്ന് പിടിക്കുന്ന എച്ച്1എൻ1 പനി ആശങ്കയുളവാക്കുന്നതെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കൊറോണ വലിയ രീതിയിൽ പടരാതിരുന്നത് ജാഗ്രത മൂലമായിരുന്നു. അപ്പോഴും വർദ്ധിച്ച് വരുന്ന എച്ച്1എൻ1 കേസുകളുടെ എണ്ണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ വ്യക്തമാക്കി. 

ദേശീയ രോഗനിയന്ത്രണകേന്ദ്രത്തിന്‍റെ (National Centre For Disease Control) കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 152 എച്ച്1എൻ1 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറൽ പനി കൈകാര്യം ചെയ്യുന്നത് പോലെത്തന്നെ എച്ച്1എൻ1 പനി കൈകാര്യം ചെയ്യാനുള്ള സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കുന്നു.

പനിയുണ്ടെങ്കിൽ ഉടനടി ചികിത്സ തേടണമെന്നും ടെസ്റ്റുകൾ നടത്തണമെന്നും എയിംസ് നിർദേശിക്കുന്നു. ചുമയ്ക്കുമ്പോൾ മുഖം മൂടണം. ചുമയും ജലദോഷവുമുണ്ടെങ്കിൽ മാസ്ക് ധരിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം - എയിംസ് ഡയറക്ടർ വ്യക്തമാക്കുന്നു.

പനി വന്നാൽ കുഞ്ഞുങ്ങളുമായും, വൃദ്ധരുമായുള്ള സമ്പർക്കം ഒഴിവാക്കണം. അലർജികൾ, ശ്വാസതടസ്സമുള്ളവർ, പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയുള്ളവരുമായും സമ്പർക്കം പാടില്ല.