Asianet News MalayalamAsianet News Malayalam

വായു മലിനീകരണം അസ്ഥിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ; പഠനം പറയുന്നത്

അസ്ഥികളുടെ ആരോഗ്യവും വായുനിലവാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബാഴ്സിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്തിലെ ​ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. 

Air pollution may be cause of poorer bone health study
Author
Barcelona, First Published Jan 12, 2020, 1:45 PM IST

വാധക്യത്തിൽ മിക്കവരും അനുഭവിക്കുന്ന പ്രശ്നമാണ് ഓസ്റ്റിയോപോറോസിസ്. ഓസ്റ്റിയോ പൊറോസിസ്  അഥവാ അസ്ഥിക്ഷയം എന്ന അസുഖത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഈ രോ​ഗത്തിനെ അറിയപ്പെടുന്നത്. പ്രായം കൂടുന്തോറും എല്ലുകളുടെ കട്ടികുറഞ്ഞ് ദുർബലമാകുന്ന അവസ്ഥയാണിത്.
പ്രായം ചെന്നവരിൽ സ്‌ത്രീകൾക്കാണ് ഈ രോഗസാധ്യത കൂടുതലായും കണ്ടുവരുന്നത്. 

അസ്ഥികളുടെ ആരോഗ്യവും വായുനിലവാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബാഴ്സിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്തിലെ ​ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. 1700 സ്ത്രീകൾ ഉൾപ്പെടെ 3700 പേരിലാണ് പഠനം നടത്തിയത്. വ്യവസായശാലകളിൽനിന്നു പുറന്തള്ളുന്ന വിഷവാതകങ്ങൾ, വാഹനങ്ങളിൽനിന്നുള്ള കാർബൺ തുടങ്ങി അന്തരീക്ഷത്തെ മലിനമാക്കുന്ന ഘടകങ്ങൾ ഇവരുടെ ശ്വസനവായുവിൽ ഉൾപ്പെടുന്നുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിച്ചു. 

ഇവരുടെ അസ്ഥികളുടെ ബലവും അതിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഗവേഷകർ രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ വിഷാംശം ക്രമേണ ശ്വാസകോശം വഴി ശരീരത്തിൽ എത്തിച്ചേരുന്നു. ഇത് ശരീരത്തിൽ സാവധാനം രക്തത്തിൽ കലർന്ന് അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. തുടയസ്ഥി, നട്ടെല്ല് എന്നിവയുടെ ബലക്ഷയമാണ് പ്രധാനമായും ഗവേഷകർ നിരീക്ഷിച്ചത്. 

മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശത്തിലേക്ക് 32. 8 മൈക്രോ ഗ്രാമിൽ കൂടുതൽ വിഷാംശമാണ് ഇത്തരത്തിൽ എത്തിച്ചേരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ലോകാരോഗ്യസംഘടന നിർദേശിച്ചിരിക്കുന്ന പരമാവധി അളവ് വെറും 10 മൈക്രോ ഗ്രാം ആണെന്നിരിക്കെയാണിത്. വായുമലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഗർഭം അലസൽ, മുടി കൊഴിച്ചിൽ എന്നിവയ്ക്കും കാരണമാകാമെന്നും പഠനത്തിന് നേതൃത്വം നൽകിയ കാത്‌റിൻ ടോൺ പറയുന്നു.

Follow Us:
Download App:
  • android
  • ios