ശ്രദ്ധിച്ചിട്ടില്ലേ? സുഹൃത്തുക്കളാകട്ടെ, പരിചയക്കാരാകട്ടെ ശരീരവുമായി ബന്ധപ്പെട്ട് പറയുന്ന പരാതികളില്‍ ഭൂരിപക്ഷവും മുടിയുമായും ചര്‍മ്മവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചായിരിക്കും.

മുടി കൊഴിച്ചില്‍, മുടിയുടെ ആരോഗ്യമില്ലായ്മ, ചര്‍മ്മം തൂങ്ങുന്നത്, മുഖക്കുരു, പാടുകള്‍ അങ്ങനെ പതിവായി കേള്‍ക്കുന്ന പരാതികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. മിക്കവാറും മുടിയുമായും ചര്‍മ്മവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം വരുന്നത് മോശം ഡയറ്റിന്റെയും മോശം ജീവിതരീതികളുടേയും ഭാഗമായാണ്.

ഡയറ്റില്‍ അല്‍പം കരുതല്‍ പുലര്‍ത്തിയാല്‍ തന്നെ ഇക്കാര്യങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. അങ്ങനെ ആത്മവിശ്വാസത്തോടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഫലപ്രദമായി ഉപകരിക്കുന്ന ഒന്ന്.

 

 

മറ്റൊന്നുമല്ല, ബദാം ആണ് സംഗതി. ബദാമിനുള്ള ആരോഗ്യഗുണങ്ങള്‍ ഇക്കാലത്ത് ആരോടും പ്രത്യേകം വിശദീകരിക്കേണ്ടതില്ല. മിക്കവര്‍ക്കും ഇതിന്റെ പ്രാധാന്യം ഇപ്പോള്‍ അറിയാവുന്നതാണ്. ഇതില്‍ ശ്രദ്ധേയമായ ഒരു ഘടകമാണ്, ബദാം മുടിക്കും ചര്‍മ്മത്തിനും പകരുന്ന ഉണര്‍വ്. ഇതെങ്ങനെയെന്നല്ലേ?

ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ഇ ആണ് ചര്‍മ്മത്തിനും മുടിക്കും ഉപകാരപ്പെടുന്നത്. ചര്‍മ്മത്തിനെ 'സോഫ്റ്റ്' ആക്കാനും തിളക്കമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ഭക്ഷണത്തിലൂടെ ബദാം കഴിക്കുക എന്നത് കൂടാതെ ബദാമിന്റെ ഗുണം ചര്‍മ്മത്തിന് വേറെയും മാര്‍ഗമുണ്ട്. ബദാം ഓയിലായും ഉപയോഗിക്കുക. അതായത്, നമ്മുടെ ആല്‍മണ്ട് ഓയില്‍. ചര്‍മ്മം തൂങ്ങുന്നതും, വരണ്ടുപോകുന്നതും മുഖക്കുരുവും പാടുകളുമുണ്ടാകുന്നതുമെല്ലാം ഒഴിവാക്കാന്‍ ആല്‍മണ്ട് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

 

 

മുടിയുടെ കാര്യമാണെങ്കില്‍, മുടിയുടെ ആകെ ആരോഗ്യത്തിനും കേടായ മുടിയെ പഴയത് പോലെ മനോഹരമാക്കാനുമാണ് ഇത് പ്രധാനമായും ഉപയോഗപ്പെടുന്നത്. മുടി കൊഴിച്ചില്‍ തടയാനും ബദാം ഒരു പരിധി വരെ ഫലപ്രദമാണ്. ഇവിടെയും ആല്‍മണ്ട് ഓയിലിന് പ്രാധാന്യമുണ്ട്. മുടിയില്‍ ആല്‍മണ്ട് ഓയില്‍ പ്രയോഗിക്കുന്നവര്‍ നിരവധിയാണ് ഇന്ന്. അഴകിനും ആരോഗ്യത്തിനും തന്നെയാണ് ഇത് ഉപകാരപ്പെടുന്നത്. മസാജുകള്‍ക്കും മികച്ച ഓയിലായി ഇത് കണക്കാക്കപ്പെടുന്നു.

ബദാം നല്ലതാണെന്ന് വച്ച് അളവിലധികം കഴിക്കുന്നത് അമിതമായി കലോറി ശരീരത്തിലെത്താന്‍ കാരണമാകും. 6 മുതല്‍ 8 എണ്ണം വരെയാണ് ദിവസത്തില്‍ കഴിക്കാവുന്ന ബദാമിന്റെ എണ്ണം. ഡയറ്റ് പിന്തുടരുന്നവരാണെങ്കില്‍ ഡയറ്റീഷ്യന്റെ നിര്‍ദേശത്തോടെ മാത്രം ബദാം ഉള്‍പ്പെടുത്തുക.