മുഖക്കുരുവിന്റെ പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകൾ എന്നിവ പലരേയും അലട്ടുന്ന ചർമ്മപ്രശ്നങ്ങളാണ്. ഇത്തരം ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴയിലെ എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി എന്നിവയാണ് ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നത്.

കറ്റാർവാഴയെ ക്ലെൻസറായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. മുഖസൗന്ദര്യത്തിന് കറ്റാർവാഴ കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ...

ഒന്ന്...

റോസ് വാട്ടറും കറ്റാർവാഴ ജെല്ലും കൊണ്ടുള്ള ഫേസ് പാക്കാണ് ആദ്യം പറയുന്നത്.  റോസ് വാട്ടർ ചർമ്മത്തിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് 20 മിനുട്ട് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മൃദുവായ ചർമ്മം സ്വന്തമാക്കാൻ ഈ പാക്ക് ​ഗുണം ചെയ്യും.

 

 

രണ്ട്...

വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെല്ലും തേനും. രണ്ട്  ടീസ്പൂൺ കറ്റാർ വാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് പാക്ക് തയ്യാറാക്കി എടുക്കുക. ശേഷം ഈ പാക്ക് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഇത് 15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

 

 

മൂന്ന്...

വിറ്റാമിൻ സിയ്ക്ക് പുറമേ, നാരങ്ങയ്ക്ക് സ്വാഭാവിക ശുദ്ധീകരണവും ബ്ലീച്ചിംഗ് ഗുണങ്ങളുമുണ്ട്, ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ടാൻ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.  മൂന്ന് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ കറ്റാർ വാഴ ജെൽ യോജിപ്പിക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 20-25 മിനുട്ട് കഴിഞ്ഞ് കഴുകി കളയു‌ക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ​ഗുണം ചെയ്യും.