മെൽബൺ: ആന്‍റി - പാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന് കൊറോണയെ തുരത്താൻ കഴിവുണ്ടെന്ന് ​ഗവേഷകർ. ഓസ്ട്രേലിയയില്‍ നടന്ന ലാബ് പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കോശങ്ങളിലെ വൈറസ് വളർച്ച 48 മണിക്കൂറിനുള്ളിൽ പൂർണമായി ഇല്ലാതാക്കാനായെന്നാണ് പരീക്ഷണഫലം തെളിയിച്ചതെന്ന് ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകൻ കൈലി വാഗ്സ്റ്റാഫ് പറയുന്നു.  

ആന്‍റി പാരസൈറ്റിക് വിഭാഗത്തില്‍പ്പെടുന്ന ഐവര്‍മെക്ടിൻ ലോകമെമ്പാടും ഉപയോഗിക്കാൻ അനുമതിയുള്ളതും നിലവില്‍ വിപണിയിലുള്ളതുമായ മരുന്നാണെന്നത് ശ്രദ്ധേയമാണ്.  എച്ച്ഐവി, ഡെങ്കി, ഇൻഫ്ലൂവെൻസ, സിക വൈറസുകള്‍ക്കെതിരെയുള്ള ചികിത്സയിലും ഈ മരുന്ന് ഉപയോഗിച്ചു വരുന്നുണ്ടെന്ന് ​ഗവേഷകൻ കൈലി പറഞ്ഞു . 

 സുരക്ഷിതമായ മരുന്നാണ് ഐവർമെക്ടിൻ. എന്നാൽ മനുഷ്യരിൽ ഫലപ്രദമാകാൻ ഇത് എത്ര ഡോസ് നൽകണമെന്നതിരെ പറ്റി പഠിക്കേണ്ടതായുണ്ടെന്നാണ് കൈലി പറയുന്നത്. മറ്റു വൈറസുകൾ ശരീരത്തെ ആക്രമിക്കുമ്പോൾ വൈറസിനെ തുരത്താനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് തടയുകയാണ് ഐവർമെക്ടിൻ ചെയ്യുന്നത്.

കൊവിഡ് 19 രോഗം പടർന്നുപിടിക്കാൻ തുടങ്ങിയ ഉടൻ തന്നെ നോവെൽ കോറോണ എന്ന SARS-CoV-2 വൈറസിൽ ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഡോ. വാഗ്സ്റ്റാഫും പ്രൊഫസർ ജാൻസും പരിശോധിച്ചിരുന്നു. എന്നാൽ COVID-19 നെ നേരിടാൻ Ivermectin ഉപയോഗിക്കുന്നത് പ്രീ-ക്ലിനിക്കൽ പരിശോധനയെയും ക്ലിനിക്കൽ പരീക്ഷണങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഇതുസംബന്ധിച്ച ഗവേഷണം തുടർന്നുകൊണ്ടുപോകാൻ കൂടുതൽ സാമ്പത്തികസഹായം ആവശ്യമാണെന്നാണ് ഗവേഷകസംഘം പറയുന്നത്.