സ്മാര്‍ട് ഫോണിന്‍റെ അമിത ഉപയോഗം, ഇയര്‍ഫോണില്‍ ഉറക്കെ പാട്ടുകേള്‍ക്കുന്ന ശീലം ഇതെല്ലാം കേള്‍വിക്ക് ദോഷം ചെയ്യും

കേള്‍വിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവര്‍. കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. ഇത്തരം കേള്‍വി പ്രശ്നങ്ങള്‍ക്ക് ഇനി ഒരു പരിഹാരമുണ്ട്. കൈയില്‍ സ്മാര്‍ട്ഫോണ്‍ ഉണ്ടോ? എങ്കില്‍ നിങ്ങളുടെ കേള്‍വിശക്തി അറിയാം.

സ്മാര്‍ട് ഫോണിന്‍റെ അമിത ഉപയോഗം, ഇയര്‍ഫോണില്‍ ഉറക്കെ പാട്ടുകേള്‍ക്കുന്ന ശീലം ഇതെല്ലാം കേള്‍വിക്ക് ദോഷം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള് തുടക്കത്തിലേ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. അതുകൊണ്ട് തന്നെയാണ് കേള്‍വി പ്രശ്നങ്ങള്‍ കണ്ടുപിടിക്കാന്‍ സ്വന്തമായി മൊബൈല്‍ ആപ്പ് തന്നെ അവര്‍ പുറത്തിറക്കിയത്. 'hearWHO' എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിന്‍റെ പേര്.

ഇതുമാത്രമല്ല, ആപ് സ്റ്റോറുകളില്‍ ചെന്നാല്‍ കേള്‍വി ശക്തി പരിശോധിക്കുന്ന മിമി ടെസ്റ്റ് , ഹിയറിങ് ചെക്ക്, സൌണ്ട് ചെക്ക് തുടങ്ങി നിരവധി ആപ്പുകള്‍ കാണാം. എല്ലാ ആപ്പുകളും ഓഡിയോഗ്രാമുകളുടേതുപോലെയുളള പരിശോധനാ രീതികള്‍ തന്നെയാണ് പിന്തുടരുന്നത്. ആപ്പുകള്‍ വഴി കേള്‍വി പരിശോധിക്കണമെങ്കില്‍ ഇയര്‍ഫോണ്‍ അത്യാവശ്യമാണ്.

നല്ല ഇയര്‍ഫോണും നല്ല സ്മാര്‍ട്ഫോണുമാണ് ഫലം നല്‍കുന്നത്. പുറത്തെ ശബ്ദങ്ങളൊന്നും കേള്‍ക്കാത്ത നിശബ്ദമായ ഒരു സ്ഥലം പരിശോധന തുടങ്ങാന്‍ നിര്‍ബന്ധമായും വേണം. hearWHO ആപ്പ് ഉപയോഗിക്കുമ്പോള്‍‌ തുടക്കത്തില്‍‌ തന്നെ നോയ്സ് ലെവല്‍ പരിശോധിച്ച് ഒരു മീറ്ററില്‍ രേഖപ്പെടുത്തി കാണിച്ചുതരും. ടെസ്റ്റ് തുടങ്ങുമ്പോള്‍ സ്ക്രീനില്‍ അക്കങ്ങളടങ്ങിയ കീപാഡ് തെളിയും. ഇത്തരത്തിലുളള ആപ്പുകള്‍ മതി ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ കേള്‍വിശക്തി തെളിയിക്കാന്‍.