ശാരീരിക പ്രശ്‌നങ്ങളോളം തന്നെ പ്രധാനമാണ് മാനസിക പ്രശ്‌നങ്ങളും എന്ന തിരിച്ചറിവിലേക്ക് അടുത്ത കാലത്തായി ധാരാളം പേര്‍ എത്തുന്നുണ്ട്. മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തോളം തന്നെ തുല്യത നല്‍കണമെന്ന് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നതും, സാമൂഹിക പ്രവര്‍ത്തരും മറ്റും ഇതിനായി ശക്തമായ ബോധവത്കരണങ്ങള്‍ നടത്തിയതുമെല്ലാമാണ് ഇത്തരത്തിലുള്ളൊരു അവബോധം ഉണ്ടാകാന്‍ കാരണമായത്. 

എന്നാല്‍ ഇപ്പോഴും നമ്മള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയോ, പരിഹാരം തേടുകയോ ചെയ്യാത്ത ഒരു സുപ്രധാന വിഷയമാണ് ലൈംഗിക പ്രശ്‌നങ്ങള്‍. പൂര്‍ണ്ണമായും ശാരീരികമായ ഘടകങ്ങള്‍ മുതല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ വരെ ലൈംഗികതയെ ബാധിക്കാറുണ്ട്. പലപ്പോഴും വിദഗ്ധരെ കണ്ട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം തേടാനും സാധാരണക്കാര്‍ക്ക് കഴിയാറില്ല. 

വിവാഹ ബന്ധങ്ങളും പ്രണയബന്ധങ്ങളും എന്നെന്നേക്കുമായി പൊട്ടിപ്പോകാന്‍ വരെ ലൈംഗിക പ്രശ്‌നങ്ങള്‍ കാരണമാകാറുണ്ട്. ഇവയില്‍ മിക്ക പ്രശ്‌നങ്ങളും വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കാവുന്നതേയുള്ളൂ. സെക്‌സ് എക്‌സ്പര്‍ട്ടുകള്‍ എന്നൊരു വിഭാഗം ഉള്ളതായി അറിവില്ലാത്തതും, ഇത്തരക്കാരെ സമീപിച്ച് ചികിത്സ തേടുന്നത് ഭാരിച്ച ചെലവ് ആകുമെന്നതിനാലുമാണ് പലരും ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുന്നത്. 

ഇതിനായി ഒരു മൊബൈല്‍ ആപ്പ് ഉണ്ടെങ്കിലോ! നിങ്ങള്‍ക്ക് നിങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ വിശദമായി പങ്കുവയ്ക്കാനും, അതിന് പരിഹാരം തേടാനും ഒരു എക്‌സ്പര്‍ട്ടിന്റെ സഹായം എപ്പോഴും ലഭ്യമാകുന്ന ഒരു ആപ്പ്. കുറഞ്ഞ ചിലവ് മാത്രമാണ് ഇതിന് വേണ്ടിവരുന്നും ഉള്ളൂ.

അതെ, യുകെ ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലും ഇപ്പോള്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ വ്യാപകമാവുകയാണ്. മികച്ച തോതിലുള്ള പ്രതികരണമാണ് ആപ്പുകള്‍ക്ക് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്ന് ഇതിന്റെ ഉടമസ്ഥരും അറിയിക്കുന്നു. 

'എന്റെ റിലേഷന്‍ഷിപ്പ് തകര്‍ന്ന സമയത്ത് എനിക്ക് കടുത്ത ലൈംഗിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് ഒരു സെക്‌സ് എക്‌സ്പര്‍ട്ടിനെ സമീപിച്ചപ്പോള്‍ ഭാരിച്ച ചെലവാണ് എനിക്കുണ്ടായത്. ആ അനുഭവത്തില്‍ നിന്നാണ് എന്തുകൊണ്ട് ഇതിനായി ഒരു ആപ്പ് തുടങ്ങിക്കൂടായെന്ന ചിന്തയിലേക്ക് ഞാനെത്തിയത്'- ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ബ്ലൂ ഹാര്‍ട്ട്' എന്ന ആപ്പിന്റെ ഉടമസ്ഥനായ സച്ചിന്‍ റൗള്‍ പറയുന്നു. 

'സെക്ഷ്വല്‍ പ്രശ്‌നങ്ങള്‍ക്ക് തെറാപ്പി വളരെ ഫലപ്രദമാണ്. നമ്മള്‍ പല കോഴ്‌സുകളായി ഇത്തരം തെറാപ്പികള്‍ ലഭ്യമാക്കുന്നുണ്ട്. എത്രയോ പേര്‍ അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. തീര്‍ച്ചയായും അത് സന്തോഷമുണ്ടാക്കുന്നുണ്ട്...'- യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ലവര്‍' എന്ന ആപ്പിന്റെ സഹ-സ്ഥാപകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ബ്രിറ്റ്‌നി ബ്ലെയര്‍ പറയുന്നു.

ആരോഗ്യകരമായ മാതൃകയാണ് ഈ ആപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്. ലൈംഗികത ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന, എന്നാല്‍ അത് ഏറ്റവും വലിയ പ്രശ്‌നമായി നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ഇത്തരത്തിലുള്ള ചുവടുവയ്പുകള്‍ തീര്‍ത്തും സ്വാഗതാര്‍ഹമെന്ന് തന്നെ പറയാം.

Also Read:- ഭർത്താവിന്‍റെ 'വെള്ളംകുടി' കാരണം സെക്‌സിന് വിസമ്മതിച്ച്‌ ഭാര്യ!...