"കടുത്ത പനി, നല്ല ചുമ, ശ്വാസകോശത്തിൽ പൊടിച്ച ചില്ല് കുടുങ്ങിയപോലുള്ള തോന്നൽ" - പാരീസിലെ ഒരു ആശുപത്രിയിലേക്ക് 42 വയസ്സുള്ള ഒരു രോഗിയെ കൊണ്ടുവന്നത് മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയാണ്. ഇവ സംഭവം കൊവിഡ് രോഗബാധയാണ് എന്ന് നിസ്സംശയം അടിവരയിട്ടുറപ്പിക്കുന്ന 'ട്രേഡ്മാർക്ക്' ലക്ഷണങ്ങളാണ്.  

രണ്ടേരണ്ടു ദിവസമേ കഴിഞ്ഞുള്ളൂ. മൂന്നാം നാൾ അയാളുടെ അവസ്ഥ വളരെ മോശമായി. രക്തത്തിലെ ഓക്സിജൻ ലെവൽ താഴെപ്പോയി. അയാളുടെ ശരീരത്തിൽ തുടർന്ന് കണ്ട ലക്ഷണങ്ങൾ 'സൈറ്റോക്കിൻ സ്റ്റോം' എന്ന ഒരു പ്രതിഭാസത്തിന്റേതായിരുന്നു എന്ന് പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 

'സൈറ്റോക്കിൻ സ്റ്റോം' എന്നത്  നമ്മുടെ രോഗപ്രതിരോധ വ്യൂഹത്തിന്റെ ഒരു ഓവർ റിയാക്ഷൻ ആണ്. ചെറുപ്പക്കാരായ കൊവിഡ് രോഗികളിൽ മരണത്തിനു കാരണമാകുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ഈയൊരു പ്രക്രിയ ആണോ എന്നുള്ള സംശയം ശക്തമാവുകയാണ് വൈദ്യശാസ്ത്ര വൃത്തങ്ങളിൽ. ഇത് ഒരേസമയം പരിഭ്രാന്തിക്കും പ്രതീക്ഷയ്‌ക്കും വക നൽകുന്നതാണ്. കാരണം, ഇങ്ങനെ ഒരു പ്രതിഭാസമാണ് മരണകാരണമാകുന്നത് എന്നുറപ്പിച്ചാൽ അതിനുള്ള മരുന്നുകൾ കണ്ടെത്തി ആ ലക്ഷണത്തെ നിയന്ത്രിച്ചാൽ യുവാക്കളിലെ മരണത്തെ നിയന്ത്രണാധീനമാക്കാം. അതേ സമയം അതുവരെ ഇങ്ങനെ മരണം സംഭവിച്ചു കൊണ്ടിരിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. 

എന്താണ് 'സൈറ്റോക്കിൻ സ്റ്റോം'?

നമ്മുടെ ശരീരത്തിനുള്ളിലേക്ക് ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ, അതായത്, ഏതെങ്കിലും ഒരു രോഗകാരകമായ അല്ലെങ്കിൽ ശരീരത്തിന്റെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന ബാഹ്യശക്തി കടന്നുവന്നത് ഉടൻ തന്നെ നമ്മുടെ രോഗപ്രതിരോധ വ്യൂഹം (immune system) അതിനെതിരെ പ്രതികരിക്കും. ഈ പ്രതികരണത്തിന്, വൈറസുകളോടും ബാക്ടീരിയങ്ങളോടും ഏറ്റുമുട്ടാൻ മുന്നണിയിലേക്ക് പറഞ്ഞുവിടുന്ന കാലാൾപ്പടയാണ് സൈറ്റോക്കിനുകൾ എന്നറിയപ്പെടുന്ന തന്മാത്രകൾ. അവ പുറപ്പെടുവിക്കുന്ന സിഗ്നലുകൾ നമ്മുടെ കോശങ്ങളെ ഉത്തേജിപ്പിക്കും. കോശങ്ങൾ പ്രതിരോധനടപടികൾ തുടങ്ങും. നമുക്ക് നല്ല പ്രതിരോധ ശേഷിയുണ്ടെങ്കിൽ ഈ നടപടികൾ ശക്തമായിരിക്കും, ക്ഷണിക്കപ്പെടാതെ നമ്മുടെ ദേഹത്തേക്ക് പ്രവേശിച്ച അതിഥി ആരാണെങ്കിലും, നിമിഷനേരം കൊണ്ട് ചത്തൊടുങ്ങുകയും ചെയ്യും. സ്വതവേ കൗമാരക്കാർക്കും, യുവാക്കൾക്കും നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കും. അതുകൊണ്ടാണ് തുടക്കത്തിൽ കൊറോണാ വൈറസ് പ്രായമായവരിൽ മാത്രമാണ് മരണത്തിനു കാരണമാകുന്നത് എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായത്. 

"മിക്കവാറും പേരിൽ സംഭവിക്കുന്നതും അതുതന്നെയാണ്." എന്നാണ് ബിർമിംഗ്ഹാമിലെ അലബാമ സർവകലാശാലയിലെ സൈറ്റോക്കിൻ സ്റ്റോം വിദഗ്ധനായ ഡോ. റാൻഡി ക്രോൺ 'ക്വാർട്സ്' മാസികയോട് പറഞ്ഞത്. "എന്നാൽ ചിലരിൽ, ഏകദേശം 15 ശതമാനത്തോളം പേരിൽ ഈ പോരാട്ടം, വൈറസ് ഒരു ഭീഷണി അല്ലാത്ത സാഹചര്യത്തിലും തുടർന്ന് പോകും. അതായത് രോഗബാധ അവസാനിച്ചാലും പ്രതിരോധ പോരാട്ടം തുടരുമെന്നർത്ഥം. തീവെട്ടിക്കൊള്ളയ്ക്ക് വന്ന കള്ളൻ വെടികൊണ്ടു ചത്താലും ടോർച്ചും കത്തിച്ച് ഉറക്കമൊഴിച്ച് ഇരുപത്തിനാലുമണിക്കൂറും ഇരിപ്പാവും വീട്ടുകാരൻ എന്നർത്ഥം. അത്, രോഗബാധയാൽ അല്ലെങ്കിൽ തന്നെ ക്ഷീണിച്ചിരിക്കുന്ന ശരീരത്തെ ഒന്നുകൂടി ക്ഷയിപ്പിക്കും. ശരീരം അപകടത്തിലാണ് എന്ന സന്ദേശം വീണ്ടും വീണ്ടുമിങ്ങനെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറപ്പെടുവിക്കും. സൈറ്റോക്കിൻ വീണ്ടും വീണ്ടും ഉത്പാദിപ്പിക്കപ്പെടും. അത് കോശങ്ങളോട് വീണ്ടും വീണ്ടും "സൂക്ഷിച്ചിരുന്നോ... ആക്രമിച്ചോ..." എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. 

ഒടുവിൽ ശരീരം 'പണിപാളുകയാണ്' എന്ന് ധരിച്ച് സ്വയം 'സേഫ് മോഡി'ലേക്ക് ചുരുങ്ങും. ജീവൻ നാമമാത്രമായി നിലനിർത്താനാവും പിന്നെ രോഗപ്രതിരോധവ്യൂഹത്തിന്റെ ശ്രമം. അത് സ്വന്തം ആന്തരികാവയവങ്ങളെ പ്രവർത്തനരഹിതമാക്കുന്ന അപകടകരമായ നീക്കത്തിലേക്കാണ് ചെന്നുകലാശിക്കുക. കരൾ, വൃക്ക, ശ്വാസകോശം എന്നിങ്ങനെ ഒന്നിലധികം ആന്തരികാവയവങ്ങൾ ഒരേസമയം പ്രവർത്തനരഹിതമാകും. രോഗി മരിക്കും. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ്സ് സിൻഡ്രം അഥവാ ശ്വസിക്കാനുള്ള ശേഷി നഷ്ടപ്പെടുക ഇതിന്റെ ഒരു പ്രധാന ലക്ഷണമാണ്. 

അങ്ങനെയുള്ള യുവാക്കളുടെ മരണത്തിനു കാരണമാകുന്നത് രോഗവും കൊണ്ട് വിരുന്നുവന്ന കൊറോണാവൈറസ് ആവില്ല. അതിനെ തുരത്താൻ വേണ്ടി കച്ചകെട്ടി ഇറങ്ങിപ്പുറപ്പെട്ട അവനവന്റെ രോഗപ്രതിരോധവ്യൂഹം തന്നെയാകും. സൈറ്റോക്കിൻ സ്റ്റോമുകൾ ഏതുപ്രായമുള്ളവരിലും സംഭവിക്കാം എന്നാലും, രോഗപ്രതിരോധ വ്യൂഹം കൂടുതൽ പ്രവർത്തന സജ്ജമായ യുവാക്കളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. ഇതുതന്നെയാണ് 1918 -ലെ സ്പാനിഷ് ഫ്‌ളുവിലും, പിന്നീട് സാർസ്, മെർസ്, H1N1 തുടങ്ങിയ പകർച്ചപ്പനികളിലും ഒക്കെ ഇത്രയധികം യുവാക്കളുടെ ജീവനെടുത്തിരിക്കുക എന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ട്. ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും ഒക്കെയുള്ള ചില യുവാക്കളുടെ മരണത്തിനു മുമ്പുള്ള രോഗലക്ഷണങ്ങളുടെ വിവരണം സൈറ്റോക്കിൻ സ്റ്റോമുകളുടെ ലക്ഷണങ്ങളോട് യോജിക്കുന്നവയാണ്. 

നേരത്തെ പറഞ്ഞ 42 വയസ്സുകാരനായ രോഗിയിൽ അവിടത്തെ ഡോക്ടർമാർ സൈറ്റോക്കിൻ സ്റ്റോമാണോ എന്ന് സംശയിച്ച് ടോസിലിസുമാബ് (tocilizumab) എന്ന രോഗപ്രതിരോധ വ്യൂഹം അവതാളത്തിലാകുമ്പോൾ അതിനെ ശമിപ്പിക്കാൻ പ്രയോഗിച്ചുവന്നിരുന്ന മരുന്ന് പ്രയോഗിച്ചു. എട്ടുമണിക്കൂർ ഇടവിട്ട് നൽകിയ രണ്ടേരണ്ടു ഡോസ്, അത് അകത്തു ചെന്നതും, അയാളുടെ പനി കുറഞ്ഞു. രക്തത്തിലെ ഓക്സിജൻ ലെവലുകൾ ഭേദപ്പെട്ട. തുടർന്ന് നടത്തിയ ചെസ്റ്റ് സ്കാനിൽ ശ്വാസകോശങ്ങൾ ക്ലിയറായി എന്ന് തെളിഞ്ഞു. ഈ കേസ് റിപ്പോർട്ട് 'അന്നൽസ് ഓഫ് ഓങ്കോളജി' എന്ന ജേർണലിൽ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പല കേസുകളുടെയും താരതമ്യത്തോടെ  ടോസിലിസുമാബ് (tocilizumab) കൊവിഡ് രോഗബാധിതരിലെ ഇത്തരത്തിലുള്ള ലക്ഷങ്ങൾക്ക് വളരെ ഫലപ്രദമാണ് എന്ന് സ്ഥാപിച്ചുകൊണ്ട് വന്നിട്ടുണ്ട്. 

മാർച്ച് 5 -ന് ഇതേ മരുന്ന്, ചൈനയിൽ സീരിയസ് ആയ കൊവിഡ് കേസുകളിൽ ക്ലിനിക്കൽ ട്രയലുകളിൽ പ്രയോഗിക്കുന്നതിന് അനുമതി കിട്ടി. മാർച്ച് 23 -ന് റോഷെ എന്ന അമേരിക്കൻ കമ്പനിക്കും ഇതേ മരുന്ന് നൂറുകണക്കിന് കൊവിഡ് രോഗികളിൽ പരീക്ഷിക്കാനുള്ള അനുമതി നൽകി. ടോസിലിസുമാബ് (tocilizumab) എന്ന ഈ മരുന്ന് ചില അപൂർവയിനം രക്തവാതങ്ങളിലും കാൻസറുകളിലും സൈറ്റോക്കിൻ തന്മാത്രകളുടെ തിരയിളക്കം നിയന്ത്രണാധീനമാക്കാൻ വേണ്ടി പ്രയോഗിച്ചുകൊണ്ടിരുന്ന മരുന്നാണ്. രോഗപ്രതിരോധവ്യൂഹത്തിന്റെ അനാവശ്യമായ അഴിഞ്ഞാട്ടത്തിനു കാരണമാകുന്ന ഇന്റര്‍ല്യൂക്കിന്‍ - 6 (Interleukin-6)   എന്ന പ്രത്യേകയിനം സൈറ്റോക്കിനെ ആണ് ഈ മരുന്ന് നിയന്ത്രിക്കുന്നത്. പ്രസ്തുത മരുന്നിന്റെ ഈ ഒരു സവിശേഷതയാണ്  കൊവിഡ് പ്രതിരോധത്തിൽ ഇതിനെ പരീക്ഷിക്കാൻ ഗവേഷകരെ പ്രേരിപ്പിച്ചത്. 

എന്നാൽ വൈദ്യശാസ്ത്ര ഗവേഷകർക്കൊക്കെ സുപരിചിതമായ ഈ ഒരു പ്രതിഭാസത്തെപ്പറ്റി കൊവിഡിനെ ചികിത്സിക്കുന്ന പല ഡോക്ടർമാരും കേട്ടിട്ടുപോലുമില്ല എന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ വൈദ്യശാസ്ത്ര ഗവേഷക ഡോ.ജെസീക്ക മാൻസൻ പറയുന്നു. സൈറ്റോക്കിൻ സ്റ്റോം വരുന്ന രോഗികളുടെ സാധാരണ ലക്ഷണങ്ങൾ വല്ലാതെ ഏരിയ ഹൃദയമിടിപ്പ്, കടുത്ത പനി, പെട്ടെന്ന് താഴ്ന്നു പോകുന്ന രക്തസമ്മർദ്ദം എന്നിവയാകും.  ഇന്റര്‍ല്യൂക്കിന്‍ - 6 നു പുറമെ രക്തത്തിൽ ഇന്റര്‍ല്യൂക്കിന്‍ -1 , ഇന്റർഫെറോൺ ഗാമ, സി റിയാക്ടീവ് പ്രോട്ടീൻ, ട്യൂമർ നെക്രോസിസ് ഫാക്ടർ ആൽഫാ തുടങ്ങിയവയും കൂടിയ തോതിൽ കാണപ്പെടും. കൊവിഡ്  ബാധിക്കുന്നവരിൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഈ പ്രതിഭാസം കാണപ്പെടാനുളള സാധ്യതയുണ്ട്. ഇതിനെ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ മാത്രമേ രോഗി രക്ഷപെടാൻ സാധ്യതയുള്ളൂ. സൈറ്റോക്കിൻ സ്റ്റോമിനെ ഒരു ചെറിയ രക്തപരിശോധന നടത്തിയാൽ തിരിച്ചറിയാം. രക്തത്തിൽ ഫെറിറ്റിൻ എന്ന പ്രോട്ടീൻ കൂടിയ അളവിലുണ്ടോ എന്ന് പരിശോധിക്കുകയാണ് ആ ടെസ്റ്റിൽ ചെയ്യുക. കൊവിഡ്  ബാധിതരിൽ വിജയകരമായി പ്രയോഗിച്ചുവരുന്ന 'ഹൈഡ്രോക്സി ക്ളോറോക്വിൻ' എന്ന മരുന്നും നമ്മുടെ ഇമ്യൂൺ സിസ്റ്റത്തിനുണ്ടാകുന്ന വെകിളിപിടുത്തത്തെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോർട്ടിക്കോസ്റ്റീറോയിഡുകളും ഈ സൈറ്റോക്കിൻ സ്റ്റോമുകൾ പോലുള്ള ഇമ്യൂൺ റെസ്പോൻസുകളെ തടയാൻ പ്രയോഗിച്ചുവരുന്നുണ്ട്. എന്നാൽ, ഈ മരുന്നുകൾ ഒക്കെയും പ്രതിരോധ വ്യൂഹത്തെ ദുർബലപ്പെടുത്തും എന്നൊരു പാർശ്വഫലം കൂടി ഉള്ളതുകൊണ്ട് സൂക്ഷിച്ചു മാത്രമേ പ്രയോഗിക്കാൻ പാടുള്ളൂ. 

ഗുസ്താവ് റോസീ കാൻസർ സെന്റർ പോലുള്ള ഗവേഷണകേന്ദ്രങ്ങളിൽ ഇപ്പോഴും  ടോസിലിസുമാബ് (tocilizumab) ഉപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ നടന്നുവരുന്നതേയുള്ളൂ. ചില രോഗികളിൽ അത് ഒരു ഫലവും ഉണ്ടാക്കുന്നില്ല എന്നും കാണുന്നതുകൊണ്ട്, കൂടുതൽ ഗവേഷണങ്ങൾ നടത്തിയാൽ മാത്രമേ, ഇങ്ങനെയുള്ള കേസുകളിലാണ് ഈ മരുന്ന് ഗുണം ചെയ്യുക എന്ന് അറിയാൻ സാധിക്കൂ. എന്തായാലും, കൊവിഡ് മരണങ്ങളും സൈറ്റോക്കിൻ സ്റ്റോമുകളും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചാൽ, ആ ദിശയിൽ ഗവേഷണങ്ങൾ ഫലപ്രദമായി നടന്നാൽ, ഒരു പക്ഷേ അധികം താമസിയാതെ പ്രതീക്ഷയുടെ കിരണങ്ങൾ നമ്മളെത്തേടിയെത്തിയേക്കാം. 

 

Reference: Quartz Magazine