സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള അർജുൻ കപൂറും സിനിമയിലെത്തിയ ശേഷമുള്ള അർജുനും തമ്മിൽ തിരിച്ചറിയാൻ പോലുമാകാത്ത അന്തരമാണുള്ളത്. താനെങ്ങനെ പുതിയ രൂപത്തിലെത്തിയെന്ന് അർജുൻ തന്നെ പറയുന്നു...

ആയിരക്കണക്കിനും ലക്ഷക്കണക്കിനും ആരാധകരുള്ള പല അഭിനേതാക്കളുടേയും സിനിമയിലെത്തും മുമ്പുള്ള രൂപം അവിശ്വസനീയമാണ്. ഇതേ കഥയാണ് അര്‍ജുന്‍ കപൂറിനും പറയാനുള്ളതും. 

ചെറുപ്പം മുതല്‍ തന്നെ അമിതവണ്ണം വലിയ പ്രശ്‌നമായിരുന്നുവെന്നും അതിനെ പോരാടിത്തോല്‍പിക്കാന്‍ വളരെയധികം പരിശ്രമങ്ങള്‍ വേണ്ടിവന്നു എന്നുമാണ് അര്‍ജുന്‍ ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ശരീരത്തെ ചുറ്റിപ്പറ്റി താന്‍ നേരിട്ട വിഷമങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. 

'കുട്ടിയായിരിക്കുമ്പോള്‍ തൊട്ടേ, എനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച ഒന്നായിരുന്നു എന്റെ വണ്ണം. അതിനോട് മല്ലിടുകയായിരുന്നു ജീവിതത്തില്‍ മിക്ക സമയവും. എല്ലാവര്‍ക്കും ഇങ്ങനെ ഓരോ സംഗതികള്‍ കാണും മത്സരിച്ച് ജയിക്കാന്‍. എന്റെ മത്സരം ഇതായിരുന്നു. വീഴ്ചകള്‍ സംഭവിക്കും, പക്ഷേ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനാകണം. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ പരിശ്രമങ്ങള്‍ വിജയം കാണും...'- അര്‍ജുന്‍ കുറിച്ചു. 

ഇപ്പോള്‍ പുതിയ പരിശീലകന് കീഴില്‍ കഠിനമായ വര്‍ക്കൗട്ടിലാണെന്നും ഇനിയുള്ള ഘട്ടങ്ങളിലേക്ക് ഇപ്പോള്‍ ചെയ്യുന്ന വര്‍ക്കൗട്ട് അടിസ്ഥാനമാകുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷം കൊണ്ടാണ് അര്‍ജുന്‍ 50 കിലോ കുറച്ചത്. കഠിനമായ വര്‍ക്കൗട്ടും ഡയറ്റും തന്നെയാണ് ഇതിനായി അര്‍ജുന്‍ പിന്തുടര്‍ന്നിരുന്നത്.

View post on Instagram