ലോകം മുഴുവൻ ഇപ്പോൾ കൊറോണാവൈറസ് ഭീതിയിലാണല്ലോ. ചൈനയിൽ കൊറോണാവൈറസ് ബാധിച്ചപ്പോൾ വലഞ്ഞുപോയത് യുകെയിലെ രണ്ടു പോലീസ് സ്റ്റേഷനുകളാണ്. കാര്യം നിസ്സാരമാണ്. സംഭവം നടക്കുന്നത് ബ്രിസ്റ്റലിലാണ്. എന്തോ ഒരു പെറ്റിക്കേസിൽ അവർ ഒരു ചൈനക്കാരനെ അറസ്റ്റുചെയ്തുകൊണ്ടുവന്നു. പാച്ച് വേ സ്റ്റേഷനിലാണ് പ്രശ്നമുണ്ടായത്. കാര്യത്തിൽ ഇടപെട്ട ലോക്കൽ പോലീസ് കുറച്ചു നേരം സ്റ്റേഷനിൽ ഇരുത്തിയ ശേഷം ആളെ, കുറച്ചുദൂരം മാറിയുള്ള ട്രിനിറ്റി റോഡ് സ്റ്റേഷനിൽ എത്തിച്ചു. 

പാച്ച് വേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ തന്നെ ആ ചൈനീസ് പൗരന് ചെറിയൊരു വല്ലായ്ക തോന്നിത്തുടങ്ങിയിരുന്നു. അദ്ദേഹത്തെ ട്രിനിറ്റിയിൽ എത്തിച്ച പൊലീസ്, തൊട്ടടുത്തുള്ള റെസ്റ്റോറന്റിൽ നിന്ന് ഒരു പിസയും വാങ്ങി നൽകി അയാളെ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ ഇരുത്തി. ഇതിനിടെ അയാളുമായി അത്യാവശ്യത്തിന് സമ്പർക്കം ആ രണ്ടു പൊലീസ് സ്റ്റേഷനിലെയും പൗരന്മാർക്ക് വരികയും ചെയ്തു. എന്നാൽ, ഭക്ഷണമൊക്കെ കഴിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾക്ക് കടുത്ത തുമ്മലും, ശ്വാസതടസ്സവും ഒക്കെ വരാൻ തുടങ്ങി.  അതോടെ സകലരും ആകെ അങ്കലാപ്പിലായി. 

ഇയാൾ യുകെയിലേക്ക് വന്നിട്ടുള്ളത് എവിടെനിന്നാണ്? വുഹാനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബ്രിസ്റ്റലിലേക്കു വന്ന ആരുമായെങ്കിലും ഇയാൾ ഇടപഴകിയിരുന്നോ? ഇയാൾക്കും കൊറോണാവൈറസ് ബാധയുണ്ടോ? അങ്ങനെ ആശങ്കകൾ പലതുണ്ടായിരുന്നു. എന്തായാലും ഉടനടി ഈ രണ്ടു പൊലീസ് സ്റ്റേഷനുകളും അടച്ചുപൂട്ടി ക്വാറന്റെയ്ൻ  ചെയ്തുകളഞ്ഞു ബ്രിസ്റ്റലിലെ ആരോഗ്യവകുപ്പ് അധികൃതർ. ആ സമയത്ത് അബദ്ധവശാൽപ്പോലും ആ ചൈനക്കാരന്റെ പരിസരത്തുകൂടി പോയ സകലർക്കും അടുത്തദിവസം അയാളുടെ പരിശോധനാ ഫലങ്ങൾ വരും വരെ തീതിന്നേണ്ടി വന്നു. വേണ്ട വൈദ്യപരിചരണം നൽകിയ ചൈനക്കാരന്റെ കുറ്റത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമാകാത്തതിന്റെ പേരിൽ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ് അയാൾ. 

നാല്പതിലധികം പേരുടെ മരണത്തിനിടയാക്കിയ, ആയിരത്തിലധികം പേർക്ക് വിവിധരാജ്യങ്ങളിലായി ബാധിച്ചു കഴിഞ്ഞ കൊറോണ എന്ന ഈ മാരക വൈറസിനെപ്പറ്റിയുള്ള ആശങ്കകൾ ഇനിയും അടങ്ങിയിട്ടില്ല. ഇതുവരെ മറന്നോ, വരാതിരിക്കാനുള്ള വാക്‌സിനോ ഒന്നും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതിനാലും, അസുഖം ബാധിച്ചാൽ മരണം വരെ സംഭവിക്കാൻ ഇടയുണ്ട് എന്നതും, ആ ആശങ്കകളെ ഒരു പരിധിവരെ ശരിവെക്കുകയും ചെയ്യുന്നു.