ദില്ലി: പരിശീലനത്തിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അബദ്ധത്തില്‍ അമ്പ് തുളച്ചുകയറി. അപ്പര്‍ അസമിലെ ദിബ്രുഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.

അമ്പെയ്ത്തില്‍ ഏറെ നാളായി പരിശീലനം നേടി വരികയായിരുന്നു ശിവാംഗിനി ഗൊഹെയ്ന്‍ എന്ന പന്ത്രണ്ടുകാരി. കഴിഞ്ഞ ദിവസം ചൗബയില്‍ നടന്ന പരിശീലനത്തിനിടെ അബദ്ധത്തില്‍ അമ്പ് ശിവാംഗിനിയുടെ തോളില്‍ തുളച്ചുകയറുകയായിരുന്നു.

ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ മെച്ചപ്പെട്ട ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവിടെ നിന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മുന്‍കയ്യെടുത്ത് പ്രത്യേക വിമാനത്തില്‍ ശിവാംഗിനിയെ ദില്ലിയിലെത്തിച്ചു.

ദില്ലി എയിംസ് ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയിലാണിപ്പോള്‍ ശിവാംഗിനി. കൈക്കുഴയുടെ മുകളിലൂടെ കയറിയ അമ്പ് ശിവാംഗിനിയുടെ തോളെല്ല് തുളച്ച് മുന്നോട്ടുപോയിട്ടുണ്ടെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പുറത്തെടുക്കാനാകൂ.

വേഗതയില്‍ വന്ന അമ്പ് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ കഴുത്തിലോ കണ്ണിലോ മാരകമായ പരിക്ക് ഏല്‍ക്കുമായിരുന്നു. തലനാരിഴയ്ക്കാണ് അത്തരമൊരു വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്ന ശേഷവും ശിവാംഗിനി ബോധരഹിതയാവുകയോ മറ്റ് ശാരീരികവ്യതിയാനങ്ങള്‍ ഒന്നും സംഭവിക്കുകയോ ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സയുടെ മുഴുവന്‍ ചിലവും സായ് വഹിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ചുമതല ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പിച്ചിട്ടുണ്ടെന്നും സായ് അറിയിച്ചു.