ശരീരത്തിൽ ന്യുമോണിയ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കഫം (സ്നോട്ട്) ഉള്ളതോ ഇല്ലാത്തതോ ആയ തുടർച്ചയായ വരണ്ട ചുമ ആയിരിക്കാം. ശ്വാസകോശത്തിലെ വീക്കം മൂലമാണ് ഈ ചുമ ഉണ്ടാകുന്നത്. ഇത് കഫം കൊണ്ട് നിറയാൻ കാരണമാകും. 

ആഗോള തലത്തിലും ഇന്ത്യയിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ന്യുമോണിയ കൂടുതലായി ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ശ്വാസകോശത്തിലെ അണുബാധ, വായു സഞ്ചികളിൽ പഴുപ്പോ ദ്രാവകമോ നിറഞ്ഞ് ശ്വസിക്കാൻ പ്രയാസമുണ്ടാക്കുന്നു. ഇത് ഏകദേശം 30 ദശലക്ഷം കുട്ടികളെ ബാധിക്കുന്നു. ന്യുമോണിയയുടെ പ്രധാന കാരണങ്ങൾ ബാക്ടീരിയ, വൈറസ്, അപൂർവ്വമായി ഫംഗസ് എന്നിവയുമായി സമ്പർക്കം പുലർത്തുന്നതാണ്. ശരീരത്തിൽ ന്യുമോണിയ പടരുമ്പോൾ അത് ശ്വാസകോശത്തെ ദുർബലപ്പെടുത്തുകയും മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളിൽ ന്യുമോണിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

1. സ്ഥിരമായ ചുമ

ശരീരത്തിൽ ന്യുമോണിയ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കഫം (സ്നോട്ട്) ഉള്ളതോ ഇല്ലാത്തതോ ആയ തുടർച്ചയായ വരണ്ട ചുമ ആയിരിക്കാം. ശ്വാസകോശത്തിലെ വീക്കം മൂലമാണ് ഈ ചുമ ഉണ്ടാകുന്നത്. ഇത് കഫം കൊണ്ട് നിറയാൻ കാരണമാകും. സാധാരണ ചുമയിൽ നിന്ന് വ്യത്യസ്തമായി, ന്യുമോണിയ മൂലമുണ്ടാകുന്ന ചുമ ആഴത്തിലുള്ള വേദനയ്ക്ക് കാരണമാവുകയും ചെയ്യും.

2. ശ്വാസതടസം

കുട്ടികളിൽ ന്യുമോണിയയുടെ മറ്റൊരു പ്രധാന ലക്ഷണം ശ്വാസതടസമാണ്. ശ്വാസകോശത്തിൽ അമിതമായ ദ്രാവകം അടിഞ്ഞുകൂടുന്നതിനാൽ, കൂടുതൽ ഓക്സിജൻ ലഭിക്കാൻ കുട്ടികൾ ശ്വസിക്കാൻ പാടുപെടുന്നു.

3. നെഞ്ചുവേദന

ന്യുമോണിയ ബാധിച്ച കുട്ടികളിൽ സ്ഥിരമായ നെഞ്ചുവേദനയോ നെഞ്ചുഭാഗത്ത് അസ്വസ്ഥതയോ അനുഭവപ്പെടുന്നത് പലപ്പോഴും അനുഭവപ്പെടാറുണ്ട്. ശ്വാസകോശത്തിന് അവയുടെ സാധാരണ പ്രവർത്തനം നടത്താൻ കഴിയാത്തതിനാലാണ് വേദന ഉണ്ടാകുന്നത്.

4. കടുത്ത പനി

ഒരു അണുബാധയ്ക്ക് വിധേയമാകുമ്പോൾ ശരീരത്തിന് സ്വാഭാവിക പ്രതിരോധ സംവിധാനമെന്ന നിലയിൽ പനി ഉണ്ടാകുന്നു. കുട്ടിയുടെ ശരീരം ബാക്ടീരിയകളെയോ വൈറസുകളെയോ കൊല്ലാൻ താപനില ഉയർത്തുമ്പോൾ ഉണ്ടാകുന്ന സാധാരണ അണുബാധ സൂചകങ്ങളാണ് പനിയും വിറയലും. അണുബാധയെ ഫലപ്രദമായി ചെറുക്കാൻ ശരീരം ഉയർന്ന താപനിലയിലെത്താൻ ശ്രമിക്കുമ്പോൾ കുട്ടികൾക്ക് വിറയൽ അനുഭവപ്പെടാം.

5. ക്ഷീണവും ബലഹീനതയും

ന്യുമോണിയ ബാധിച്ച കുട്ടികളിൽ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നത് സാധാരണമാണ്. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ പോലുള്ള ഫലങ്ങൾ ബലഹീനതയ്ക്കും അലസതയ്ക്കും കാരണമാകും. പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ളവരിൽ.

6. വിശപ്പില്ലായ്മ

ന്യുമോണിയയെ ചെറുക്കാൻ കുട്ടികളുടെ ശരീരം അധിക ഊർജ്ജം ഉപയോഗിക്കുന്നതിനാൽ, അവർക്ക് വിശപ്പില്ലായ്മ അനുഭവപ്പെടാം. അണുബാധയെ ഫലപ്രദമായി ചെറുക്കാൻ ശരീരത്തിന് കൂടുതൽ പോഷകങ്ങൾ ആവശ്യമായതിനാൽ, ഭക്ഷണം കഴിക്കാനോ കുടിക്കാനോ വിസമ്മതിക്കുന്നത് രോഗമുക്തിയെ ബാധിച്ചേക്കാം. അണുബാധയുമായും ശരീരത്തിന് ഓക്സിജൻ വിതരണം കുറയുന്നതുമായും വിശപ്പില്ലായ്മ ബന്ധപ്പെട്ടിരിക്കാം.

7. നീലകലർന്ന ചുണ്ടുകളോ നഖങ്ങളോ

ശരീരത്തിൽ ഓക്സിജൻ കുറവുണ്ടാകുന്നത് ന്യുമോണിയയുടെ ഗുരുതര ലക്ഷണമാണ്. നീലകലർന്ന ചുണ്ടുകളോ നഖങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.