ആഗോളതലത്തില്‍ തങ്ങളുടെ വാക്‌സിനില്‍ വീണ്ടും പുതിയൊരു പരീക്ഷണം കൂടി നടത്തുമെന്നറിയിച്ച് ആസ്ട്രാസെനേക്ക. വാക്‌സിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്തുകൊണ്ട് ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ 'ട്രയല്‍' നടത്തുമെന്നറിയിച്ചുകൊണ്ട് കമ്പനി സിഇഒ രംഗത്തെത്തിയിരിക്കുന്നത്. 

മുമ്പ് നടന്നതും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ പരീക്ഷണങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പം കൂടി വേഗതയില്‍ ഫലം ലഭിക്കുന്നതായിരിക്കും പുതുതായി നടത്താനിരിക്കുന്ന പരീക്ഷണമെന്ന് സിഇഒ പാസ്‌കല്‍ സോറിയോട്ട് അറിയിച്ചു. 

'നിലവില്‍ ഞങ്ങളുടെ വാക്‌സിന്റെ ഫലം എത്രയുണ്ടെന്ന് ഞങ്ങള്‍ കണ്ടുകഴിഞ്ഞു. എങ്കില്‍ക്കൂടിയും അതിനെ സ്ഥാപിച്ചെടുക്കാന്‍ പുതിയ പരീക്ഷണം സഹായകരമാകും. പലയിടങ്ങളിലും വാക്‌സിന് അനുമതി ലഭിക്കാന്‍ സമയമെടുക്കും. ഉദാഹരണത്തിന്, മറ്റെവിടെയെങ്കിലും നടന്നൊരു പരീക്ഷണത്തിന്റെ ഫലം നോക്കി യുഎസ് അനുമതി നല്‍കില്ല. അതേസമയം ചില രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അനുമതി ലഭിക്കുകയും ചെയ്‌തേക്കാം...' സോറിയോട്ട് പറഞ്ഞു. 

ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ബ്രിട്ടീഷ്- സ്വീഡിഷ് കമ്പനിയായ ആസ്ട്രാസെനേക്ക വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. യുകെയിലും ബ്രസീലിലുമായി നടന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്തുകൊണ്ട് ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു.

Also Read:- ഓക്സ്ഫോഡ് കൊവിഡ് വാക്സിൻ 70 ശതമാനം വരെ ഫലപ്രദമെന്ന് കമ്പനി, ഗുരുതര പാര്‍ശ്വഫലങ്ങളില്ല...