മെല്‍ബണ്‍: വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത് ഓസ്ട്രേലിയ. രോഗിയില്‍ നിന്നുള്ള സാംപിള്‍ ഉപയോഗിച്ചാണ് നടപടി. കൊറോണ വൈറസിനെ എങ്ങനെ ശക്തമായി നേരിടാമെന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. വിക്ടോറിയന്‍ പകര്‍ച്ചവ്യാധി ഗവേഷണ ലാബിലാണ് വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ വളര്‍ത്തിയെടുത്തിയിരിക്കുന്നത്.

ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ലാബോറട്ടറി ഡയറക്ടര്‍ മൈക്ക് കാട്ടണ്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിരോധ മരുന്ന് കണ്ടെത്താന്‍ വൈറസിനെ വളര്‍ത്തിയെടുക്കുന്നത് സഹായിക്കും. കണ്ടെത്തലുകള്‍ അന്തര്‍ദേശീയ തലത്തില്‍ പങ്കുവയ്ക്കുമെന്നും മൈക്ക് കാട്ടണ്‍ വ്യക്തമാക്കി. 

വൈറസ് സാംക്രമിക രീതിയില്‍ പടരാനുള്ള കാരണം ഉടന്‍ കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ്  ലാബോറട്ടറി ജീവനക്കാരുള്ളത്. ഹോങ്കോങ്കിലും കൊറോണ വൈറസിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത് ഫലം കണ്ടിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ ആദ്യവാരമാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യാന്തര തലത്തില്‍ 6000ല്‍ അധികം ആളുകള്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. 

നേരത്തെ കഴിഞ്ഞ ജനുവരി 10 -ന് ഷാങ്ഹായിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ യോങ് സെൻ സാങ് ആണ് വുഹാൻ ഔട്ട് ബ്രേക്കിലെ ഈ വൈറസിന്റെ ജീനോം കോഡ് കണ്ടുപിടിച്ച്, അതിനെ പൊതുജന താത്പര്യാർത്ഥം ജീൻബാങ്കിൽ ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്തെടുക്കാവുന്ന പരുവത്തിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. ചൈനീസ് സ്വദേശിയായ അമ്പതുകാരന് ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജനുവരി 19ന് ചൈനയിലെ വുഹാനിൽ നിന്നെത്തിയതായിരുന്നു ഇയാൾ. കൊറോണ വൈറസ് രോ​ഗ ലക്ഷണങ്ങളോടെ ചൈനയിലെ ഗ്വാങ്‌ഷ്വ വിമാനത്താവളത്തിൽ നിന്നെത്തിയ ഇയാളെ മെൽബണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇത് മുൻപൊന്നും തന്നെ മനുഷ്യരിൽ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത തരം വൈറസാണ് വുഹാനില്‍ പടര്‍ന്നിരിക്കുന്ന കൊറോണാ വൈറസ്. ചെറിയ രീതിയിൽ വ്യത്യാസപ്പെട്ടു കിടക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബം തന്നെയാണ് കൊറോണ. സാധാരണ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം ( MERS-CoV), സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം(SARS-CoV) തുടങ്ങിയവയ്ക്കും ഈ വൈറസുകൾ കാരണമാകാം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള 'സൂട്ടോണിക്' (zoonotic)എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ വൈറസുകൾ.