തിരുവനന്തപുരം: കൊറോണക്കാലത്ത് പിന്തുടരേണ്ട നിർദ്ദേശങ്ങളെ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന വീഡിയോയുമായി കോഴിക്കോട് കളക്ടർ. മാസ്ക് ധരിക്കാതെ, കൈ കഴുകാൻ തയ്യാറാകാതെ, പൊതുസ്ഥലത്ത് തുപ്പി കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന കുട്ടപ്പായിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കടയിൽ ചെല്ലുന്ന സമയത്ത് ആളുകൾ കൈ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും കുട്ടപ്പായി നിസ്സാരമായി നോക്കി കാണുന്നുണ്ട്. എന്നാൽ മാസ്ക് ധരിക്കാതെ, കൈ സോപ്പിട്ട് കഴുകാതെ സാധനം നൽകില്ലെന്ന് കടക്കാരൻ പറയുന്നതോടെ കുട്ടപ്പായി തിരികെ വീട്ടിലേക്ക് പോകുന്നുണ്ട്.

വീട്ടിലെത്തുന്ന സമയത്താണ് കൊറോണയ്ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഭാര്യ ഇയാളോട് പറയുന്നത്. പിന്നീട് മാസ്ക് ധരിച്ച്, കൈ കഴുകിയാണ് ഇയാൾ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നത്. കൊറോണ വ്യാപനം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നാമെല്ലാവരും. എസ് എം എസ് എന്നറിയപ്പെടുന്ന  സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് എന്നീ മൂന്ന് കാര്യങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഈ വീഡിയോ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു. കോഴിക്കോട് ജില്ലാ കളക്ടറാണ് അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.