വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുകെ ദമ്പതികളായ എമ്മക്കും വെയ്നും കുഞ്ഞ് പിറന്നത്. മകള്‍ക്ക് അവര്‍ എറിന്‍ ബേറ്റ്സ് എന്ന് പേരിട്ടു. കുട്ടികളുണ്ടാവില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ ഇവരുടെ ജീവിതത്തിലെ അത്ഭുതമായിരുന്നു മകള്‍ എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ആറു മാസം പ്രായമെത്തിയിട്ടും തൂക്കം രണ്ടരക്കിലോയിൽ താഴെ ആയിരുന്നു. 

മൂന്നു മാസം പ്രായമുള്ളപ്പോളാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. ശ്വാസനാളിക്കും പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോള്‍ കൊവിഡും. എന്നാൽ ഈ വിഷമവും കടന്നുപോകുമെന്ന പ്രതീക്ഷയിലാണ് എമ്മയും വെയ്നും. 

എറിൻ ജീവിതത്തിലേക്കു തിരിച്ചുവരുന്നുവെന്ന തോന്നൽ ഉണ്ടായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് അമ്മ എമ്മ പറയുന്നു. ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിലാണ് എറിൻ ഇപ്പോൾ. അമ്മയും ഒപ്പമുണ്ട്. ഒരാള്‍ക്ക് മാത്രമേ കൂട്ടിരിക്കാനാകൂ. 

ആശുപത്രി വാസത്തിനിടയിലാണ് കുഞ്ഞിന് രോഗം വന്നത്. അകലം പാലിക്കൽ അനുസരിക്കാതെ ആശുപത്രിയിൽ എത്തിയ ആരുടെയെങ്കിലും പക്കൽനിന്നാകാം എറിനിലേക്കും രോഗം പകർന്നതെന്നാണ് പിതാവ് പറയുന്നത്. ഓക്സിജൻ നൽകുന്ന ട്യൂബും വയറുകളും മറ്റും ശരീരത്തിൽ ഘടിപ്പിച്ച് ക്യാമറയിലേക്കു നോക്കുന്ന കുഞ്ഞ് എറിന്‍റെ വേദനിപ്പിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ചിത്രം പുറത്തുവിട്ടത്.