കൊറോണ വൈറസിന് പിന്നാലെ ഗുരുതരമായ മറ്റൊരു രോഗബാധ ചൈനയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബാക്ടീരിയ മൂലമുള്ള രോഗബാധ ആയിരത്തിലധികം പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്ടീരിയ  പരത്തുന്ന ബ്രൂസെല്ലോസിസാണ് ചെനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പടരുന്നത്. ചൊവ്വാഴ്ചയാണ് ഗുരുതരമായ രോഗബാധ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ ലീക്ക് മൂലമാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 

മാള്‍ട്ടാപനിയെന്നാണ് ഈ രോഗം അറിയപ്പെടുന്നത്. മൃഗങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയേയാണ് ഈ രോഗം പ്രധാനമായും ബാധിക്കുക. ജന്തുജന്യ രോഗമാണ് ഇത്. ബ്രൂസെല്ല വിഭാഗത്തിലെ ബാക്ടീരിയകളാണ്രോഗം പടര്‍ത്തുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സോവിലെ ആരോഗ്യ കമ്മീഷന്‍റെ അടിസ്ഥാനത്തില്‍ 3245 പേരിലാണ് ഇതിനോടകം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ വൃഷ്ണ സഞ്ചി വീര്‍ക്കുന്നതിനും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുന്നതും ഈ രോഗം ബാധിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളാണ്. 

സന്ധിവേദനകള്‍, കടുത്ത പനി, തലവേദന, പേശികളിലെ വേദന എന്നിവയ്ക്ക് പുറമേ ശരീരഭാഗങ്ങള്‍ നീര് വരുന്നതും മാള്‍ട്ടാ പനി മൂലം സംഭവിക്കുന്നതാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാക്ടീരിയ പടരാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നത്. മലിനമായ ഭക്ഷണ വസ്തുക്കള്‍ കഴിക്കുന്നതിനെ തുടര്‍ന്നാണ് സാധാരണ ഗതിയില്‍ രോഗം പടരുന്നത്. ലാന്‍സോയിലെ പെട്ടന്നുള്ള രോഗബാധയ്ക്ക് പിന്നിലും ഭക്ഷണത്തിലെ തകരാറെന്നാണ് വിദഗ്ധരുടെ നിഗമനം. 

ബ്രൂസെല്ലാ വാക്സിന്‍ നിര്‍മ്മാണത്തിനിടെ ബാക്ടീരിയ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയുടെ പുറത്തേക്ക് ലീക്കായതായി സിഎന്‍എന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അണുനാശിനിയായ ഗ്യാസ് ഉപയോഗിച്ച് ഫാക്ടറി ശുദ്ധീകരിച്ചിരുന്നെങ്കിലും ബാക്ടീരിയയെ പൂര്‍ണമായി നശിപ്പിക്കാന്‍ അതിന് സാധിച്ചില്ലെന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതോടെ മനസിലാവുന്നത്. രോഗബാധ ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.