വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വാർത്തയാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. പാമ്പുകടിയേറ്റിട്ടും ആശുപത്രിയിൽ കൊണ്ട് പോകാന്‌ വെെകിയതാണ് മരണത്തിന് ഇടയാക്കിയത്. സ്കൂളുകളിൽ മാത്രമല്ല വീട്ടിലായാലും പാമ്പ് വരാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. 

വീട്ടില്‍ പാമ്പു വന്നാല്‍ വെളുത്തുള്ളി ചതച്ചിടുക, മണ്ണെണ്ണ ഒഴിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതിവിധിയായി പലരും ചെയ്യുന്നത്. എന്നാല്‍ പാമ്പു വരാതിരിക്കാനായി മുന്‍കരുതലെടുക്കുകയാണ് ആദ്യം വേണ്ടത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് അറിയാം...

ഒന്ന്...

വീടിന്റെ പരിസരത്ത് ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളില്‍ പാഴ് ചെടികള്‍ ഉണ്ടെങ്കില്‍ വെട്ടിക്കളയുക. എലികള്‍ മാളം തുരന്നിട്ടുണ്ടെങ്കില്‍ അത് മൂടുക. 

രണ്ട്...

പാമ്പ് വരാത്ത തരത്തിലുള്ള മതില്‍, വേലി എന്നിവ വീട്ടില്‍ നിര്‍മ്മിക്കുക. ചാക്ക് , തടി തുടങ്ങിയ പാഴ് വസ്തുക്കള്‍ വീട്ടില്‍ കൂട്ടിയിടാതിരിക്കുക. ഭക്ഷ്യ അവശിഷ്ടങ്ങള്‍ കഴിവതും പുറത്ത് കളയാതിരിക്കുക. ഒരുപക്ഷേ ഇത് തേടിയും പാമ്പുകളെത്താം.

മൂന്ന്...

 വീട്ടിലെ സാധനങ്ങള്‍ കൂട്ടിയിടുന്ന ഭാഗങ്ങളില്‍ പ്രാണികളെ തുരത്തുന്ന ഗുളികകള്‍ ഉപയോഗിക്കണം. സ്റ്റോര്‍ റൂം പോലുള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി മുറിച്ച് അല്ലികള്‍ ഇടുന്നത് നല്ലതായിരിക്കും. ഇത്തരം മുറികളില്‍ ചെറിയ സുഷിരമോ വിള്ളലോ ഉണ്ടെങ്കില്‍ അതും എത്രയും വേഗം അടയ്ക്കാന്‍ ശ്രമിക്കണം.

നാല്...

 കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

അഞ്ച്...

വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.