അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങളായി അര്‍ജന്റീനയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ വന്‍ വഴിത്തിരിവ്. ഇടതുപക്ഷ പ്രസിഡന്റായ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് കൊണ്ടുവന്ന ബില്ല് ലോവര്‍ ഹൗസില്‍ പാസാക്കപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇനി സെനറ്റ് കൂടി ഇത് വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ ചരിത്രപ്രധാനമായ നിയനിര്‍മ്മാണത്തിലേക്കായിരിക്കും അര്‍ജന്റീന കടക്കുക. 

നിലവില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍, ഗുരുതരമായ ആരോഗ്യപ്രതിസന്ധി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് അബോര്‍ഷന് അധികാരമുള്ളൂ. ഇക്കൂട്ടത്തില്‍ പെടാത്ത സ്ത്രീകള്‍ ഒരു കാരണവശാലും അബോര്‍ഷന് മുതിരരുത് എന്നാണ് നിയമം. 

എന്നാല്‍ പലയിടങ്ങളിലും നിയമവിരുദ്ധമായി അബോര്‍ഷന്‍ നടന്നുവരുന്നുണ്ട്. ഇതിനായി പ്രത്യേകം 'അണ്‍ര്‍ഗ്രൗണ്ട്' ആശുപത്രികള്‍ പോലുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇത്തരം ആശുപത്രികളിലും വീടുകളിലും വച്ച് നടത്തുന്ന അബോര്‍ഷന്‍ നിരവധി സ്ത്രീകളുടെ ജീവനാണ് കവര്‍ന്നിരിക്കുന്നത്. 

അതിനാല്‍ സ്ത്രീകളുടെ അവകാശം എന്ന നിലയ്ക്കാണ് അബോര്‍ഷനെ നിയമവിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്. അര്‍ജന്റീനയുള്‍പ്പെടെ മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അബോര്‍ഷന്‍ നിയമങ്ങള്‍ ഇത്തരത്തില്‍ വളരെ 'സ്ട്രിക്ട്' ആണ്. പതിറ്റാണ്ടുകളായി ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്ന ആവശ്യം ഇവിടങ്ങളിലെല്ലാം ഉയരുന്നുമുണ്ട്. 

എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമായാണ്, അത്തരമൊരു പരിഷ്‌കരണത്തിലേക്ക് മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കടക്കാതിരുന്നത്. ഇപ്പോള്‍ത്തന്നെ, അര്‍ജന്റീനയില്‍ 20 മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ലോവര്‍ ഹൗസില്‍ ബില്‍ പാസായത്. അടുത്ത കടമ്പയായ സെനറ്റില്‍ സാഹചര്യം അല്‍പം കൂടി മോശമാണെന്നാണ് സൂചന. അവിടെ വോട്ടെടുപ്പില്‍ വിജയിച്ച് പുതിയ നിയമം നിലവില്‍ വരാന്‍ ഇനിയും പ്രതിഷേധങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് പ്രക്ഷോഭകാരികളുടെ ഭാഷ്യം. എന്തായാലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടി ഇതൊരു പുതിയ മാതൃക മുന്നോട്ടുവയ്ക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Also Read:- കോടതിയിലെത്തുന്ന 'അബോര്‍ഷന്‍' കേസുകളില്‍ വര്‍ധനവ്; കാരണം വിശദീകരിച്ച് റിപ്പോര്‍ട്ട്...