മറ്റേതെങ്കിലും അസുഖം മൂലം ആരോഗ്യം ക്ഷീണിച്ചവരാണെങ്കില്‍ അവരുടെ പ്രതിരോധശേഷിയും ബലഹീനമായി ആയിരിക്കാം തുടരുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവരിലും ബ്ലാക്ക് ഫംഗസിനുള്ള സാധ്യതയുണ്ട്. ആരോഗ്യമുള്ള, പ്രതിരോധശേഷിയുള്ള ഒരു വ്യക്തി ഒരിക്കലും ബ്ലാക്ക് ഫംഗസ് ബാധയെ ഭയപ്പെടേണ്ടതേ ഇല്ല എന്നാണ് ആരോഗ്യവിഗ്ധര്‍ നല്‍കുന്ന ഉറപ്പ്

കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നാം. ഇതിനിടെ വെല്ലുവിളിയായി ഉയര്‍ന്നുവന്ന മറ്റൊരു രോഗമാണ് ബ്ലാക്ക് ഫംഗസ്. ഇത് മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന രോഗമായിരുന്നുവെങ്കില്‍ കൂടിയും കൊവിഡിന് പിന്നാലെ രോഗികളില്‍ വ്യാപകമായി വന്നുതുടങ്ങിയതാണ് വലിയ പ്രതിസന്ധിയായത്. 

മണ്ണിലും, ചീഞ്ഞ ഇലകള്‍, മരത്തടി പോലുള്ള ജൈവിക പദാര്‍ത്ഥങ്ങളിലുമെല്ലാം കാണപ്പെടുന്ന ഫംഗസ്, പ്രത്യേക സാഹചര്യത്തില്‍ മനുഷ്യശരീരത്തിലേക്ക് കയറിപ്പറ്റുകയാണ്. കൊവിഡ് 19ന്റെ വിഷമതകളെ പരിഹരിക്കാന്‍ നല്‍കിവരുന്ന സ്റ്റിറോയ്ഡുകളും ഒപ്പം തന്നെ രോഗിയുടെ പ്രതിരോധശേഷിയില്‍ വരുന്ന ബലക്ഷയവുമാണ് കൊവിഡാനന്തരം ബ്ലാക്ക് ഫംഗസ് പിടിപെടുന്നത് വ്യാപകമാകാനുള്ള കാരണം. 

പ്രമേഹരോഗികളിലും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് സാധ്യതകളേറെയാണ്. എന്നാല്‍ കൊവിഡ് പിടിപെട്ടവരില്‍ മാത്രമാണോ ബ്ലാക്ക് ഫംഗസ് ബാധ വരിക? അതല്ലെങ്കില്‍ കൊവിഡ് പിടിപെട്ട പ്രമേഹരോഗികളില്‍ മാത്രം? കൊവിഡില്ലാത്തവരില്‍ ഈ അണുബാധ വരുമോ! 

ഇത്തരത്തിലുള്ള സംശയങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. കൊവിഡ് വന്നവരില്‍ മാത്രമല്ല, അല്ലാത്തവരിലും ബ്ലാക്ക് ഫംഗസ് ബാധ വരാമെന്നതാണ് ഇതിനുള്ള ഉത്തരം. എന്നാല്‍ അത്ര സാധാരണയായി ആളുകളില്‍ ഇത് പിടിപെടില്ല. ആരോഗ്യാവസ്ഥ വളരെ മോശമായവര്‍, ഏതെങ്കിലും അസുഖം മൂലം പ്രതിരോധശേഷി തീരെ കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ തന്നെയാണ് കൊവിഡ് മാറ്റിനിര്‍ത്തിയാല്‍ ബ്ലാക്ക് ഫംഗസ് ഭീഷണി നേരിടുന്നവര്‍. 

രക്തത്തിലെ ഷുഗര്‍നില 300 mg/dl ലും കൂടുതലായി വരുന്ന പ്രമേഹരോഗികളാണ് ബ്ലാക്ക് ഫംഗസ് ബാധയെ കൂടുതല്‍ ഭയക്കേണ്ടത്. ഈ നിലയില്‍ ഷുഗര്‍ അളവെത്തുമ്പോള്‍ ശരീരം 'കീറ്റോണ്‍സ്' എന്ന ബ്ലഡ് ആസിഡ് കൂടുതലായി ഉത്പാദിപ്പിക്കും. 'ഡയബെറ്റിക് കീറ്റോ അസിഡോസിസ്' എന്നാണ് മെഡിക്കലി ഈ അവസ്ഥയെ വിളിക്കുന്നത്. ഇത് ഏറെ ജാഗ്രത പുലര്‍ത്തേണ്ട അവസ്ഥയാണിതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.


മറ്റേതെങ്കിലും അസുഖം മൂലം ആരോഗ്യം ക്ഷീണിച്ചവരാണെങ്കില്‍ അവരുടെ പ്രതിരോധശേഷിയും ബലഹീനമായി ആയിരിക്കാം തുടരുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവരിലും ബ്ലാക്ക് ഫംഗസിനുള്ള സാധ്യതയുണ്ട്. ആരോഗ്യമുള്ള, പ്രതിരോധശേഷിയുള്ള ഒരു വ്യക്തി ഒരിക്കലും ബ്ലാക്ക് ഫംഗസ് ബാധയെ ഭയപ്പെടേണ്ടതേ ഇല്ല എന്നാണ് ആരോഗ്യവിഗ്ധര്‍ നല്‍കുന്ന ഉറപ്പ്.

Also Read:- ബ്ലാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ ഈ സംസ്ഥാനത്ത്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona