ഇന്നത്തെ കാലത്ത് ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ക്യാന്‍സറുകളില്‍ ചിലത് പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറഞ്ഞാല്‍ രോഗത്തെ നേരിടാന്‍ കഴിയും.

ആളുകൾക്ക് ഏറ്റവും പേടിയുള്ള ഒരു രോഗമാണ് ക്യാൻസർ. ഇന്നത്തെ കാലത്ത് ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ക്യാന്‍സറുകളില്‍ ചിലത് പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറഞ്ഞാല്‍ രോഗത്തെ നേരിടാന്‍ കഴിയും. പുരുഷന്മാരുടെ മൂത്രത്തില്‍ രക്തം കാണുന്നത് ബ്ലാഡര്‍ ക്യാന്‍സര്‍, കിഡ്നി ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ മൂന്ന് ക്യാന്‍സറുകളില്‍ ഏതെങ്കിലുമാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഈ മൂന്ന് ക്യാന്‍സറിന്‍റെയും മറ്റ് ലക്ഷണങ്ങളെ കൂടി തിരിച്ചറിയാം... 

1. ബ്ലാഡര്‍ ക്യാന്‍സര്‍

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസർ. പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. എപ്പോഴും മൂത്രം പോവുക അഥവാ മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയിൽ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നൽ, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

2. കിഡ്നി ക്യാന്‍സര്‍

മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് തന്നെയാണ് കിഡ്നി ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണം. അതുപോലെ കിഡ്നി ക്യാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ് വയറിലെ മുഴ. മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നടുവേദന അതായത് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്. 

3. പ്രോസ്റ്റേറ്റ് ക്യാൻസർ

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, ഇടുപ്പ്- പെൽവിക് അല്ലെങ്കിൽ മലാശയ ഭാ​ഗത്ത് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. കൂടാതെ അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക തുടങ്ങിയവയും കാണാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ബ്ലഡ് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

youtubevideo