എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്. 

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. 

എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്. അതുപോലെ തന്നെ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

ഉദാഹരണത്തിന് സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട ഒരു പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. 

അതുപോലെ വ്യായാമമില്ലായ്മയും എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. ശരീരം അനങ്ങാതെ, മടി പിടിച്ച് എപ്പോഴും ഇരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതല്ല. പ്രത്യേകിച്ച്, എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. പുകവലി, മദ്യപാനം തുടങ്ങിയവയുടെ അമിത ഉപയോഗവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. 

ആരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അതുപോലെ ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. 

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബട്ടര്‍, ചീസ്, ബീന്‍സ്, മത്തി, ഇലക്കറികള്‍, മുട്ട, സാല്‍മണ്‍ മത്സ്യം, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...