രോഗ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടതും അതിനെ ശക്തിപ്പെടുത്തേണ്ടതുമെല്ലാം ശരീരത്തിന്റെ അടിസ്ഥാന ആവശ്യമാണ്. ഈ മഹാമാരിക്കാലത്ത് ഇതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. ഒരുപക്ഷേ നാം പ്രതിരോധ ശേഷിയെ കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകളിലും അന്വേഷണങ്ങളിലുമേര്‍പ്പെടുന്നത് തന്നെ കൊവിഡ് കാലത്താണെന്ന് പോലും പറയാം. 

അപ്പോഴും മുതിര്‍ന്നവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് പലപ്പോഴും ചര്‍ച്ചകളുണ്ടാകാറ്. എന്നാല്‍ കുട്ടികളുടെ കാര്യത്തിലും ഇത് വളരെ പ്രധാനം തന്നെയാണ്. പ്രത്യേകിച്ച് ആദ്യഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് 19 കുട്ടികളെ കൂടി കാര്യമായി ലക്ഷ്യമിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍. 

ഭക്ഷണം തന്നെയാണ് പ്രതിരോധ ശേഷിയുടെ അടിത്തറ. അത് കുട്ടികളിലാണെങ്കിലും മുതിര്‍ന്നവരിലാണെങ്കിലും ശരി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് ഏറെ പ്രയാസകരമായ ജോലി തന്നെയാണ്. ചെറുപ്പം മുതല്‍ തന്നെ ഇതിന് കുട്ടികളുടെ കൂടി സഹകരണം ഉറപ്പുവരുത്തി മാതാപിതാക്കള്‍ മുന്നോട്ട് പോകുന്നതാണ് ഉചിതം. അതായത്, കുട്ടികളെ ഒരിക്കലും പേടിപ്പെടുത്തിയോ, നിര്‍ബന്ധിച്ചോ ഭക്ഷണം കഴിപ്പിക്കാതിരിക്കുക. അവര്‍ക്ക് ഭക്ഷണത്തോട് താല്‍പര്യം വരുന്ന രീതിയിലുള്ള ഇടപെടലുകളാകണം മാതാപിതാക്കള്‍ നടത്തേണ്ടത്. അത് തീര്‍ത്തും ബുദ്ധിപരമായ ജോലിയാണെന്നും മനസിലാക്കുക. 

ഇനി കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി അവര്‍ക്ക് പതിവായി നല്‍കാനാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. ഇതില്‍ ഏറ്റവും പ്രധാനം സീസണല്‍ പഴങ്ങളാണ്. ദിവസത്തില്‍ ഏതെങ്കിലുമൊരു പഴം അല്‍പമെങ്കിലും കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതുപോലെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന അച്ചാര്‍, അല്ലെങ്കില്‍ ചട്ണി എന്നിവയും കുട്ടികളെ അല്‍പം കഴിപ്പിക്കുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും പോഷകങ്ങള്‍ ലഭിക്കുന്നതിനുമെല്ലം ഇവ സഹായകമാണ്. 

 

 

വയറ്റിനകത്തെ ബാക്ടീരിയകളുടെ സന്തുലനാവസ്ഥ വലിയൊരു പരിധി വരെ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. ഇത് കുട്ടികളുടെ കാര്യത്തിലും സമാനം തന്നെ. 

വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയുള്ള സമയങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ എന്തെങ്കിലും ഭക്ഷണം ആവശ്യപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ 'ഹോം മെയ്ഡ്' സ്‌നാക്‌സ് മാത്രം കൊടുത്ത് ശീലിപ്പിക്കുക. അത് ഹല്‍വയോ, ലഡ്ഡുവോ പോലും ആകട്ടെ, വീട്ടില്‍ തന്നെ തയ്യാറാക്കി സൂക്ഷിച്ച് കുട്ടികള്‍ക്ക് നല്‍കി ശീലിക്കുക. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ വലിയ തോതില്‍ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കുട്ടികള്‍ക്കാകും.

ചോറ് ആരോഗ്യത്തിന് ആവശ്യമല്ലെന്ന് കരുതുന്ന ധാരാളം പേരുണ്ട്. എന്നാല്‍ പ്രോട്ടീനിന്റെ സമ്പുഷ്ടമായ സ്രോതസാണ് ചോറ്. അതിനാല്‍ തന്നെ ദിവസത്തിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് ചോറ് നല്‍കേണ്ടതാണ്. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് അണ്ടിപ്പരിപ്പ്. ഇതും മിതമായ അളവില്‍ കുട്ടികള്‍ക്ക് പതിവായി നല്‍കാം. 

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ജങ്ക് ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവയുടെ ഉപയോഗമാണ്. പരമാവധി കുട്ടികളെ ഇത് ശീലിപ്പിക്കാതിരിക്കുക. അതിന്റെ ദോഷവശങ്ങള്‍ അവരെ പറഞ്ഞ് മനസിലാക്കിച്ചുകൊണ്ട് വേണം അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍. ഏത് വിഭവങ്ങളും നമുക്ക് കഴിയാവുന്ന രീതിയില്‍ ആകര്‍ഷകമായി വീട്ടില്‍ തന്നെ തയ്യാറാക്കാം. 

 

 

പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സുഖകരമായ, കൃത്യമായ ഉറക്കം അനിവാര്യമാണ്. അതിനാല്‍ കുട്ടികളുടെ ഉറക്കസമയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതിരിക്കുക. മുതിര്‍ന്നവരുടെ ചിട്ടയില്ലായ്മയില്‍ ഒരിക്കലും കുട്ടികളെ പങ്കാളികള്‍ ആക്കരുത്. ഒരു രാത്രിയിലെ ഉറക്കമില്ലായ്മ പോലും നമ്മളെ എളുപ്പം രോഗങ്ങളിലേക്ക് നയിക്കാം എന്ന് മനസിലാക്കുക. 

മറ്റൊരു ഘടകം ശാരീരികമായ അധ്വാനമാണ്. കുട്ടികളെ അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വീട്ടിലെ ജോലികള്‍ ചെയ്ത് ശീലിപ്പിക്കുക. വെള്ളം സ്വയമെടുത്ത് കുടിക്കുക, മുറി വൃത്തിയാക്കുന്നതില്‍ പങ്കെടുപ്പിക്കുക, മുറ്റം ഭംഗിയാക്കാനും പൂന്തോട്ടം ക്രമീകരിക്കാനും പരിശീലിപ്പിക്കുക - ഇതെല്ലാം കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ആശ്വാസം നല്‍കും. ഇവയെല്ലാം തന്നെ പരോക്ഷമായി പ്രതിരോധ ശേഷിയെ പരിപോഷിപ്പിക്കുകയും ചെയ്യും. അധികസമയം ഗാഡ്‌ഗെറ്റുകളുമായി ചടഞ്ഞിരിക്കുന്നത് എപ്പോഴും കുട്ടികളെ മോശം മാനസിക-ശാരീരികാവസ്ഥയിലേ എത്തിക്കൂ. അതിന്റെ ദോഷവശങ്ങള്‍ കൃത്യമായി അവരെ പറഞ്ഞ് ധരിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. 

Also Read:- കൊവിഡിന്റെ മൂന്നാം തരംഗം ബാധിക്കുന്നത് കുട്ടികളെയാണോ...? വിദ​ഗ്ധർ പറയുന്നു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona