അധിക അവയവങ്ങളുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആദ്യസംഭവമൊന്നുമല്ല. എന്നാല്‍ ഇത് അത്യപൂര്‍വ്വമായ കേസ് തന്നെയെന്ന് റഷ്യയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. റഷ്യയിലെ മോസ്‌കോയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അവന്‍ ജനിക്കുന്നത്. 

ജനിക്കുന്നതിനും വളരെ മുമ്പ് തന്നെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ രണ്ട് കാലുകള്‍ക്കിടയില്‍ മറ്റൊരു കാല്‍ കൂടി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. കുഞ്ഞ് ജനിച്ചാല്‍ അത് അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിഗമനത്തില്‍ അന്ന് അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആ യുവതിയെ നിര്‍ബന്ധിച്ചു. 

എന്നാല്‍ എന്ത് പ്രശ്‌നവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. അതനുസരിച്ച് വേണ്ട ചികിത്സയും തയ്യാറെടുപ്പുകളുമായി ഡോക്ടര്‍മാരും കുടുംബാംഗങ്ങളും അവര്‍ക്കൊപ്പം നിന്നു. അങ്ങനെ ജൂലൈയില്‍ അവന്‍ പുറത്തുവന്നു. മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല. എങ്ങനെ ഇത് കൈകാര്യം ചെയ്യണമെന്ന് പോലും ഡോക്ടര്‍മാര്‍ക്ക് ആദ്യം അറിഞ്ഞിരുന്നില്ല.

വിദഗ്ധരുടെ ഒരു സംഘം തന്നെ പിന്നീട് അവന്റെ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം കൊടുത്തു. ആദ്യം മലദ്വാരത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയ. പിന്നീട് അധിക അവയവങ്ങളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ളത്. ഓരോന്നും അതീവശ്രദ്ധയോടെ സമയമെടുത്ത് അവര്‍ ചെയ്തുതീര്‍ത്തു. 


(ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർ... ഇപ്പോൾ ആരോഗ്യവാനായി ഇരിക്കുന്ന കുഞ്ഞ്...)

എല്ലാ ശസ്ത്രക്രിയകളും വിജയം കണ്ടു. ഇപ്പോള്‍ അവന്‍ ചെറുതായി പിച്ചവച്ചുതുടങ്ങിയെന്നാണ് മോസ്‌കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളറിയിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മറ്റ് വിശദാംശങ്ങളൊന്നും ഇവര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം സംഭവമായതിനാല്‍ മെഡിക്കല്‍ വിശദാംശങ്ങള്‍ ഓരോന്നും ഇവര്‍ പുറംലോകത്തിനെ അറിയിക്കുകയാണ്.