മുഖത്ത് എട്ടുകാലിയുടെ കടിയേറ്റു; ദിവസങ്ങള്‍ക്കകം ഗായകന് ദാരുണാന്ത്യം
മുഖത്താണത്രേ എട്ടുകാലിയുടെ കടിയേറ്റത്. ഇതിന് ശേഷം പെട്ടെന്നുതന്നെ ഇദ്ദേഹത്തിന് അസാധാരണമാംവിധം തളര്‍ച്ച അനുഭവപ്പെടുകയും മുഖത്തെ കടിയേറ്റ ഭാഗം ഇരുണ്ട് നീലിക്കുകയും ചെയ്തു.

പാമ്പുകള്‍ മാത്രമല്ല മനുഷ്യര്‍ക്ക് മേല്‍ ഭീഷണി ഉയര്‍ത്തുന്ന വിഷജീവികള്‍. തേള്‍, ചിലയിനം ചിലന്തികള്‍ എന്നിങ്ങനെ ചെറുതും വലുതുമായ പല ജീവിവിഭാഗങ്ങളും പല അവസരങ്ങളിലും മനുഷ്യജീവന് ഭീഷണിയാകാറുണ്ട്. ഇത്തരത്തില്‍ അതിദാരുണമായൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.
എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസ് മരിച്ചു എന്നതാണ് വാര്‍ത്ത. ഇരുപത്തിയെട്ടുകാരനായ മൊറൈസിന് മുഖത്താണത്രേ എട്ടുകാലിയുടെ കടിയേറ്റത്. ഇതിന് ശേഷം പെട്ടെന്നുതന്നെ ഇദ്ദേഹത്തിന് അസാധാരണമാംവിധം തളര്‍ച്ച അനുഭവപ്പെടുകയും മുഖത്തെ കടിയേറ്റ ഭാഗം ഇരുണ്ട് നീലിക്കുകയും ചെയ്തു.
എട്ടുകാലിയുടെ കടിയേറ്റ് അലര്‍ജിയായതാണെന്ന ധാരണയില്‍ വൈകാതെ തന്നെ തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി എന്നാണ് മൊറൈസിന്‍റെ ഭാര്യ ജൂലിയെനി ലിസ്ബോവ അറിയിച്ചിരിക്കുന്നത്.
ആദ്യം ചികിത്സ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ മൊറൈസിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി- ഞായറാഴ്ച ആയിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലാതിരുന്നതോടെ ഇവര്‍ വീണ്ടും മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. എന്നാല്‍ തിങ്കളാഴ്ചയോടെ തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു.
മൊറൈസിന്‍റെ ദത്തുപുത്രിയായ പതിനഞ്ചുകാരിയെയും ഇതേ എട്ടുകാലി കടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കാലിലാണ് കടിയേറ്റതത്രേ. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം.
15 ാം വയസില്‍ കരിയര്‍ തുടങ്ങിയ മൊറൈസ് സുഹൃത്തിനും സഹോദരനുമൊപ്പമുള്ളൊരു ബാൻഡിലെ അംഗം കൂടിയാണ്. ധാരാളം വേദികള്‍ ഇവരുടെ ബാൻഡ് പെര്‍ഫോം ചെയ്തിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയിലേക്ക് കയറിയ മൊറൈസിന്‍റെ അകാലവിയോഗം സുഹൃത്തുക്കളെയെല്ലാം തളര്‍ത്തിയിരിക്കുകയാണിപ്പോള്‍.
അതേസമയം ഗായകനെ കടിച്ച എട്ടുകാലി ഏതിനത്തില്‍ പെട്ടതാണെന്നോ, എങ്ങെനയാണ് ഈ പരുക്ക് മരണം വരെയെത്തിയതെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ലോകത്തില്‍ വച്ചേറ്റവും വിഷമുള്ള എട്ടുകാലി വര്‍ഗത്തില്‍ പെട്ട 'ബ്രസീലിയൻ വാണ്ടറിംഗ് സ്പൈഡര്‍' ആണോ മൊറൈസിനെ കടിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. ഇവ കടിച്ചാല്‍ പാമ്പ് കടി കേസുകളിലെ പോലെ വളരെയധികം ശക്തിയുള്ള ആന്‍റി-വെനം നല്‍കല്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം മരണം സംഭവിക്കാം.
Also Read:- പുരുഷന്മാരില്‍ ഒരു പ്രായം കടന്നാല്‍ കാണുന്ന വിരക്തിക്കും ദേഷ്യത്തിനും പിന്നില്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-