തമിഴ് യുവതിയുടെ ​ഗർഭപാത്രത്തിൽ നിന്ന് ഒടിഞ്ഞ സൂചി നീക്കം ചെയ്തു. 21കാരിയായ രമ്യ ഉച്ചിപുലി പ്രൈമറി ഹെൽത്ത് കെയർ സെന്ററിൽ വച്ച് ഒരു കുഞ്ഞിന് ജന്മം നൽകി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അമിത രക്തസ്രാവവും ശക്തമായ വയറ് വേദനയും ഉണ്ടാകുന്നത്.രക്തസ്രാവം കൂടിയതോടെ യുവതിയെ രാമനാഥപുരം സർക്കാർ ആശുപത്രിയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എക്സ് റേ പരിശോധന നടത്തിയാൽ മാത്രമേ എന്താണ് പ്രശ്നമെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു. എക്സ് റേയിൽ യുവതിയുടെ ​ഗർഭപാത്രത്തിൽ ഒടിഞ്ഞ സൂചി ഉള്ളതായി സ്ഥിരീകരിച്ചു. പ്രസവ ശസ്ത്രക്രിയ്ക്ക് ഇടയ്ക്ക് സൂചി ​ഗർഭപാത്രത്തിൽ എത്തിയതാകാമെന്ന് രാമനാഥപുരം ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. തുടർന്ന് സംഭവത്തിൽ രമ്യയുടെ ബന്ധുക്കൾ ഉച്ചിപുലി പിഎച്ച്സിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയും ചെയ്തു. 

​ഗർഭപാത്രത്തിൽ സൂചി ഉണ്ടെന്ന് കണ്ടെത്തിയതോടെ രാമനാഥപുരം സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ യുവതിയെ സർക്കാർ രാജാജി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. സൗകര്യം തീരെ കുറവായതിനാലാണ് മറ്റ്  ആശുപത്രിയിലേക്ക് മാറ്റിയത്. 

 മൂന്ന് മണിക്കൂർ നടന്ന നീണ്ട സർജറിയിലാണ് ​ഗർഭപാത്രത്തിൽ ഉണ്ടായിരുന്ന ഒടിഞ്ഞ സൂചി നീക്കം ചെയ്തതെന്ന് ജിആർഎച്ചിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ശ്രീലത എ പറഞ്ഞു. യുവതി ഇപ്പോൾ പൂർണ ആരോ​ഗ്യവതിയായിരിക്കുന്നുവെന്നും ശ്രീലത പറഞ്ഞു.

പ്രസവസമയത്തിനിടെ സൂചി ​ഗർഭപാത്രത്തിലെത്തിയതാകാം. സൂചി ഉള്ളിൽ കിടന്നത് കൊണ്ടാണ് അമിതരക്തസ്രാവം ഉണ്ടായത്. ഭാ​ഗ്യമെന്ന് പറയട്ടെ, യുവതിയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്നും മെഡിക്കൽ ഓഫീസർ ശ്രീലത പറഞ്ഞു.