രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. ഇന്ന് മിക്കവരിലും 'ടൈപ്പ് 2' പ്രമേഹമാണ് കണ്ടുവരുന്നത്. 

ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ' ടൈപ്പ് 2'  പ്രമേഹം. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  

അതില്‍ ഭക്ഷണത്തിന്‍റെ കാര്യം പറയുകയാണെങ്കില്‍ പ്രമേഹമുള്ളയൊരാള്‍ രാവിലെ ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. കാരണം, പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ, പോഷകം അടങ്ങിയ ഭക്ഷണം തന്നെ രാവിലെ കഴിക്കാന്‍ ശ്രമിക്കുക.

പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, വെണ്ടയ്ക്ക, പാവയ്ക്ക, നെല്ലിക്ക, ധാന്യങ്ങള്‍, തൈര്,  ഫൈബര്‍ അടങ്ങിയ ഭക്ഷണം, നട്സ്  തുടങ്ങിയവ പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുമ്പോഴും  ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളുടെ പട്ടികയെ കുറിച്ച് ആളുകള്‍ക്ക് ഇപ്പോഴും സംശയം നിലനില്‍ക്കുന്നു. അത്തരത്തിലൊരു സംശയമാണ് പൈനാപ്പിൾ പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ എന്നത്. 

നല്ല മധുരമുള്ള ഫലമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി , സി, ഇ  എന്നിവയും അയൺ, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്‍റി ഓക്സിഡന്റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. 

പൈനാപ്പിളിന്‍റെ മിക്ക ഗുണങ്ങൾക്കും കാരണം  'ബ്രോമിലിന്‍' (bromelain) എന്ന എൻസൈം ആണ്. ഇത് പ്രോട്ടീൻ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. എന്നാല്‍ പൈനാപ്പിള്‍ പ്രമേഹ രോഗികള്‍ക്ക് പറ്റിയ ഭക്ഷണം അല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. 'ഗ്ലൈസമിക് ' സൂചിക (ജിഐ) കുറഞ്ഞ ഭക്ഷണമാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

പൈനാപ്പിള്‍ ജിഐ കുറഞ്ഞ പഴമല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹരോഗികള്‍ ഇവ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്നും 'കൊളംബിയ ഏഷ്യ ഹോസ്പിറ്റലി'ലെ ഡയറ്റീഷ്യനായ പവിത്ര എന്‍ രാജ് പറയുന്നു. പ്രമേഹ രോഗികള്‍ പൈനാപ്പിള്‍ ജ്യൂസും കുടിക്കരുതെന്നും അതില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: പ്രമേഹമുള്ളവര്‍ക്ക് കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...