പ്രമേഹം ഒരു ജീവിതശൈലിരോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം പിടിപെട്ടാല്‍ പിന്നെ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം എന്നതാണ് പ്രധാന ചോദ്യം. 

പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. പഴങ്ങളില്‍ പ്രകൃതിദത്തമായ മധുരമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ അത് പ്രമേഹരോഗികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. ഗ്ലൈസമിക് സൂചിക കുറവുള്ള പഴങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിക്കണമെന്ന് മാത്രം. 

ഏത് പഴമാണെങ്കിലും അത് മിതമായ അളവില്‍ മാത്രമേ പ്രമേഹരോഗികള്‍ കഴിക്കാവൂ. ഇത്തരത്തില്‍ കഴിക്കാവുന്ന പഴങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് പേരയ്ക്കയുടെ സ്ഥാനം. നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. ഔഷധങ്ങളുടെ കലവറയാണ് ഇവ. ഉയര്‍ന്നതോതില്‍ വിറ്റാമിന്‍ സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്,  മറ്റ് ആന്റി ഓക്സിഡന്റുകളും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്. പേരയ്ക്കയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ തൊലി കളഞ്ഞ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാമെന്നും 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍റ്  ഡയഗണോസ്റ്റിക് റിസര്‍ച്ചി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

 

അറിയാം പേരയ്ക്കയുടെ മറ്റ് ഗുണങ്ങള്‍... 

ഒന്ന്...

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു. 

രണ്ട്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. 

മൂന്ന്...

​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു. 

നാല്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ആറ് പഴങ്ങള്‍...