മാനസിക സമ്മർദ്ദം വിട്ടുമാറാത്ത അവസ്ഥയിലേക്ക് മാറുമ്പോൾ അത് പ്രതിരോധശേഷി, ദഹനം, ഉറക്കം, ഹൃദയാരോഗ്യം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

നമ്മളിൽ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ് മാനസിക സമ്മർദ്ദം. ഇതൊരു വൈകാരിക പ്രശ്നമായിട്ടാണ് പലരും കാണുന്നതെങ്കിലും, മനുഷ്യശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കാൻ ഇതിന് കഴിയും. മാനസിക സമ്മർദ്ദം വിട്ടുമാറാത്ത അവസ്ഥയിലേക്ക് മാറുമ്പോൾ അത് പ്രതിരോധശേഷി, ദഹനം, ഉറക്കം, ഹൃദയാരോഗ്യം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ശരീരത്തിലെ പ്രധാന സ്ട്രെസ് ഹോർമോണുകൾ കോർട്ടിസോൾ (Cortisol), കാറ്റകോളമൈനുകൾ (Catecholamines) എന്നിവയാണ്. ഈ ഹോർമോണുകൾ പുറപ്പെടുവിക്കുമ്പോൾ ശരീരം 'ഫൈറ്റ്-ഓർ-ഫ്ലൈറ്റ്' (അപകടങ്ങളോട് പ്രതികരിക്കാനുള്ള അവസ്ഥ) മോഡിലേക്ക് മാറുന്നു. ഇത് നമ്മെ എപ്പോഴും അസ്വസ്ഥരാക്കുകയും ശാന്തത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതിൽ കോർട്ടിസോൾ ഹോർമോണാണ് പ്രധാന വില്ലൻ. ഇത് ശരീരത്തിലെ മെറ്റബോളിസം, രോഗപ്രതിരോധ ശേഷി എന്നിവയെ തകിടം മറിക്കുന്നു.

മാനസിക സമ്മർദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കും. സ്ട്രെസ് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിച്ചില്ലെങ്കിൽ, അത് താഴെ പറയുന്ന ശരീരവ്യവസ്ഥകളെ തകിടം മറിക്കും.

രോഗപ്രതിരോധ ശേഷി

വിട്ടുമാറാത്ത സ്ട്രെസ് പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ നശിപ്പിക്കും. ഇത് വൈറസ്, ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാൻ കാരണമാകും.

ഹൃദയാരോഗ്യം

സ്ട്രെസ് ഹോർമോണുകൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം തുടർച്ചയായി ഉണ്ടാകുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

ദഹനപ്രക്രിയ

മസ്തിഷ്കവും കുടലും തമ്മിലുള്ള ബന്ധം സ്ട്രെസ് മൂലം തകിടം മറിയുന്നു. ഇത് വയറ് വീർക്കൽ, ദഹനക്കേട്, അസിഡിറ്റി, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു.

ഉറക്കം

ശരീരത്തിലെ ഉയർന്ന കോർട്ടിസോളിന്റെ അളവ് ഉറക്കത്തിന്റെ സിഗ്നലുകളെ തടസ്സപ്പെടുത്തുന്നു. ഇത് രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നതിനും ദേഷ്യത്തിനും കാരണമാകുന്നു.

ശാരീരിക ലക്ഷണങ്ങൾ

മാനസിക സമ്മർദ്ദം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകും. ആദ്യകാല ലക്ഷണങ്ങൾ ഇവയാണ്.

  1. തുടർച്ചയായ തലവേദന

2. വിട്ടുമാറാത്ത ക്ഷീണം

3. പേശിവലിവ്

4. ദഹനപ്രശ്നങ്ങൾ

5. ഏകാഗ്രതക്കുറവ്

6. ദീർഘകാല ലക്ഷണങ്ങൾ

7. ഉയർന്ന രക്തസമ്മർദ്ദം

8. ശരീരഭാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

9. അടിക്കടി ഉണ്ടാകുന്ന രോഗങ്ങൾ

10. മാനസികവും വൈകാരികവുമായ തളർച്ച

സമ്മർദ്ദം കുറയ്ക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമോ?

കൃത്യമായ ചില ശീലങ്ങളിലൂടെ സ്ട്രെസ് കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

  1. ദിവസവും ശാരീരിക അധ്വാനത്തിൽ ഏർപ്പെടുക.

2. മെഡിറ്റേഷൻ ശീലമാക്കുക.

3. കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.

4. സുഹൃത്തുക്കളോടും കുടുംബത്തോടും സമയം ചെലവഴിക്കുക.

5. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക.