Asianet News MalayalamAsianet News Malayalam

Anxiety and Shortness of Breath : വയറിന് അസ്വസ്ഥത, ശരീരവേദന, തലചുറ്റൽ ഈ ല​ക്ഷണങ്ങൾ അവ​ഗണിക്കരുത്

മനസ്സിന് സങ്കടമോ ടെൻഷനോ വന്നാൽ ശ്വാസതടസ്സം ഉണ്ടാവുകയോ? ശ്വാസതടസ്സം ശ്വാസകോശ രോഗത്തിന്റെ ലക്ഷണമല്ലേ എന്നാവും നമ്മൾ എല്ലാവരും ആദ്യം ചിന്തിക്കുക. ഇതുകൊണ്ടുതന്നെ ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ രോഗമാകാം എന്ന് പേടിച്ചു പോവുകയും ചെയ്യും. 

can tension cause breathing problems
Author
First Published Oct 18, 2022, 4:01 PM IST

കോൺസൾറ്റഷൻ ആവശ്യപ്പെട്ടു സമീപിക്കുന്ന വ്യക്തികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമുണ്ട്. അവർ പലരും മനസ്സിന് സങ്കടം ഉണ്ടെന്നോ ടെൻഷൻ ആണെന്നോ ഒന്നുമാവില്ല പറയുക. പകരം എന്തോ വലിയ ഒരു അസ്വസ്ഥത തോന്നുന്നു, ശ്വാസം കിട്ടാത്തപോലെ എന്നാവും പലരും പറയുക. 

മനസ്സിന് സങ്കടമോ ടെൻഷനോ വന്നാൽ ശ്വാസതടസ്സം ഉണ്ടാവുകയോ? ശ്വാസതടസ്സം ശ്വാസകോശ രോഗത്തിന്റെ ലക്ഷണമല്ലേ എന്നാവും നമ്മൾ എല്ലാവരും ആദ്യം ചിന്തിക്കുക. ഇതുകൊണ്ടുതന്നെ ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ രോഗമാകാം എന്ന് പേടിച്ചു പോവുകയും ചെയ്യും. പല ആശുപത്രികളിലും ചികിത്സ തേടി മാറ്റങ്ങൾ വരാതെയാകുമ്പോൾ ഒടുവിലാകും മനസ്സിലാക്കുക ഇത് ടെൻഷൻമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് എന്ന്. 

ആദ്യം ഇത് ടെൻഷൻ കാരണം എന്ന് കേൾക്കുന്നത് വിശ്വസിക്കാൻ സമയം എടുക്കുന്നു എന്നത് സ്വാഭാവികമാണ്. കാരണം നമ്മൾ പൊതുവെ മനസ്സിലാക്കിയിരിക്കുന്നത് മനസ്സിന്റെ ബുദ്ധിമുട്ടുകൾ മനസ്സിനെയും ശാരീരത്തിന്റെ ബുദ്ധിമുട്ടുകൾ ശരീരത്തെയും മാത്രം ബാധിക്കുന്നു എന്നായിരിക്കും. എന്നാൽ ടെൻഷൻ മൂലമുണ്ടാകുന്ന പല മാനസിക ബുദ്ധിമുട്ടുകളുടെയും പ്രതിഫലനം ശാരീരിക ബുദ്ധിമുട്ടുകളുടെ രൂപത്തിൽ ആയിരിക്കാം. 

ഉദാ: പാനിക് അറ്റാക്ക്- വല്ലാത്ത ഒരു വെപ്രാളം പോലെയോ, മരിക്കാൻ പോവുകയാണോ,നെഞ്ചിൽ എന്തോ ഒരു വലിയ ഭാരം പോലെ, ശ്വാസം കിട്ടുന്നില്ല- എങ്ങനെ ആ അവസ്ഥ പറഞ്ഞറിയിക്കണം എന്നറിയില്ല എന്നാവും അധികം ആളുകളും അതിനെപറ്റി വിവരിക്കുക. 

ടെൻഷൻ വരുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ...

നെഞ്ചിടിപ്പുയരുക 
തലചുറ്റൽ 
തൊണ്ടയ്ക്ക് എന്തോ ഇരിക്കും പോലെ 
മനംപുരട്ടൽ 
വയറിന് അസ്വസ്ഥത 
ഉറങ്ങാൻ കഴിയാതെവരിക 
ശരീരവേദന 
തലവേദന 
ആകെ വല്ലാത്ത അസ്വസ്ഥത തോന്നുക 

ടെൻഷൻ അമിതമാകുന്ന  സമയങ്ങളിൽ രക്തസമ്മർദ്ദം ഉയരുന്നതായും, മറ്റു സമയങ്ങളിൽ അങ്ങനെ അല്ല എന്നതും ഇത് ടെൻഷൻ കൊണ്ടു സംഭവിക്കുന്നതാണ് എന്ന് തിരിച്ചറിയാൻ പല ആളുകൾക്കും സാധിക്കും. ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പറയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങളും നരബലിയും ഒക്കെ ആണെല്ലോ എപ്പോൾ വാർത്തകളിൽ നിറയുന്നത്. 

ടെൻഷൻ മൂലം മുൻപ് പറഞ്ഞ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ആളുകളിൽ നല്ലൊരു ശതമാനവും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന സമയങ്ങളിൽ പറയാറുള്ള ഒരു കാര്യമുണ്ട്. ഇത് ടെൻഷൻ കാരണമാണ് എന്ന് തിരിച്ചറിയുന്നത് ഇപ്പോൾ മാത്രമാണ്.

 “ഞാൻ എത്ര ബുദ്ധിമുട്ടനുഭവിച്ചു ഈ പ്രശ്നം കാരണം. പലരും പല പ്രതിവിധികളും പറഞ്ഞു തന്നു. ചിലർ പറഞ്ഞു ഇതെല്ലാം ആരോ എനിക്കെതിരെ കൂടോത്രം ചെയ്തത് കാരണമാണ് എന്ന്. മറ്റു ചിലർ പറഞ്ഞു ഇത് വീടിന്റെ നിർമ്മാണ രീതി ശരിയല്ലാത്ത കാരണം കൊണ്ടാണ് എന്ന്. എത്ര നഷ്ടത്തിന് ആണെങ്കിലും വീട് വിറ്റുകളഞ്ഞാലും സാരമില്ല ഈ പ്രശ്നം ഒന്നു മാറികിട്ടണം എന്ന് ഞാൻ ആഗ്രഹിച്ചു. നടത്താത്ത വഴിപാടുകളില്ല. പക്ഷേ ഇതു ടെൻഷനാണ് എന്ന് മനസ്സിലാകാൻ വളരെ വൈകി”. 

ടെൻഷൻ ഇല്ലാത്ത ജീവിതം നമുക്കു സാധ്യമല്ല. എന്നാൽ ടെൻഷൻ എങ്ങനെ ധൈര്യത്തോടെ നേരിടാനാവും എന്ന അറിവ് നമുക്കുണ്ടാകേണ്ടത് വളരെ ആവശ്യവുമാണ്. ശ്വാസതടസ്സം പോലെയുള്ള അവസ്ഥ ടെൻഷൻ കാരണം ഉണ്ടാകുമ്പോൾ അവയ്ക്ക് ബ്രീത്തിങ്‌ എക്സർസൈസ്, ഗൈഡഡ് ഇമേജറി ടെക്‌നിക്‌, ചിന്തകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി എന്നിവ വളരെ ഫലപ്രദമാണ്. 

എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ചീഫ്  ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ 
Near TMM Hospital, തിരുവല്ല
For appointments call: 8281933323  
Online/ Telephone consultation available 

Read more നിങ്ങളുടെ കുട്ടി അന്തര്‍മുഖന്‍ ആണോ? ലക്ഷണങ്ങൾ എന്തൊക്കെ?

 

Follow Us:
Download App:
  • android
  • ios