കൊവിഡ്, ഉംപുൺ ചുഴലിക്കൊടുങ്കാറ്റ് എന്നിവയ്ക്ക് പുറമെ ഏറ്റവും ഒടുവിലായി ഇന്ത്യൻ മണ്ണിലെത്തിയത് വെട്ടുകിളികളുടെ പടയാണ്. പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന, വിള നശിപ്പിക്കുന്ന ജീവികളാണ് ഇവ.

കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്. വിളകളുടെ ഇല, പൂവ്, പഴം, ചില, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും.  ഇങ്ങനെ ഗുരുതരമായ സാഹചര്യം നിലവിലുള്ളപ്പോൾ ഉയർന്ന ഒരു ചോദ്യമിതാണ്. എങ്കിൽ പിന്നെ അങ്ങ് പിടിച്ചു പൊരിച്ചു തിന്നുകൂടെ ഇവറ്റയെ?

ഇത്രക്ക് വിളകൾക്ക് ദോഷം ചെയ്യുന്ന ഈ ജീവികൾ ഒരുപാടെണ്ണം ഒന്നിച്ച് ഒരിടത്ത് കാണപ്പെടും. ഇവ പെട്ടെന്നു വന്നിറങ്ങി വിളകൾ തിന്നു തീർക്കുമ്പോൾ, പണ്ടു കാലത്ത് കൃഷിക്കാർ ഇവയെ പിടിച്ച് പാചകം ചെയ്ത് തിന്നുക പതിവായിരുന്നു. ഒറ്റനോട്ടത്തിൽ അത് വളരെയധികം പ്രവർത്തികമായ ഒരു തീരുമാനമായിരുന്നു. തിന്നാൻ വേണ്ടി വളർത്തി വലുതാക്കിയ ധാന്യങ്ങൾ ഈ വെട്ടുകിളികൾ തിന്നു തീർത്ത സാഹചര്യത്തിൽ നിലനിൽപ്പിന് അത് നല്ലൊരുപായമായിരുന്നു. പ്രോട്ടീൻ സമ്പന്നമായ ഈ ജീവികൾ, മറ്റു പല പോഷകങ്ങളുടെയും സ്രോതസ്സുകളാണ്.

 

 

എന്നാൽ, അതൊക്കെ പണ്ട്. ഇന്ന് അങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്. പണ്ടത്തെ കൃഷി രീതികൾ ഇത്രകണ്ട് രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിച്ച് കൊണ്ടുള്ളതായിരുന്നില്ല. അതിനും പുറമെ ഇന്ന് പലയിടങ്ങളിലും ഈ വെട്ടുകിളികൾക്കെതിരെ പ്രയോഗിക്കപ്പെടുന്നതും തീവ്ര വിഷസ്വഭാവമുള്ള കീടനാശിനികളാണ്. ഉദാ. ഓർഗാനോ ഫോസ്ഫേറ്റുകൾ, കാർബമേറ്റുകൾ,  പൈർത്രോയിഡുകൾ, എന്നിങ്ങനെയുള്ള വെട്ടുകിളികളെ നേരിടാൻ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും കൊടിയ വിഷങ്ങളാണ്. ഓർഗാനോ ഫോസ്ഫേറ്റുകൾ ന്യൂറോ ടോക്സിക് ഫലമുള്ളവയാണ്. അവ നേരെ ബാധിക്കുന്നത് നാഡീവ്യൂഹത്തെയാണ്. കുവൈറ്റിൽ എൺപതുകളുടെ അവസാനം ഇങ്ങനെ വെട്ടുകിളികളെ തിന്നാൻ ശ്രമിച്ചവർ അതിന്റെ പരിണിത ഫലങ്ങൾ അനുഭവിച്ചവരാണ്. അന്ന് കീടനാശിനികളിലെ ഫോസ്‌ഫേറ്റിന്റെ അംശം, വൃക്ക, കരൾ, ഹൃദയം തുടങ്ങി പല ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിച്ചിരുന്നു. 

ചുരുക്കത്തിൽ ഈ വെട്ടുകിളികളെ ഭക്ഷിച്ചാൽ ഉണ്ടാകുന്ന പോഷകഗുണങ്ങളുടെ പത്തിരട്ടി അവയിൽ അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ വിഷം കൊണ്ട് ശരീരത്തിൽ ദോഷങ്ങളുണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട്, വെട്ടുകിളികളെ എങ്ങനെ ഓടിക്കാൻ തീരുമാനം ഉണ്ടായാലും,  പണ്ട് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഒരു വെട്ടുകിളി അക്രമണമുണ്ടായപ്പോൾ അവിടത്തെ കൃഷി മന്ത്രിയായിരുന്ന ഇസ്മായിൽ റാഹൂ നാട്ടുകാർക്ക് നൽകിയ ഉപദേശം ആരും പിന്തുടർന്നുകളയരുത്- പിടിച്ച് പൊരിച്ചോ ബിരിയാണി വെച്ചോ തിന്നു കളയരുത് - വിവരമറിയും..!