സീരിയല്‍ താരം ശബരീനാഥിന്റെ അകാലവിയോഗത്തില്‍ ഒരുപോലെ ഞെട്ടല്‍ രേഖപ്പെടുത്തുകയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകരും ശബരിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് ഇന്നലെ വൈകീട്ടോടെയാണ് ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. 

കളിക്കുന്നതിനിടെ ക്ഷീണം തോന്നി അല്‍പനേരം മാറിയിരിക്കുകയും തുടര്‍ന്ന് വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. 

തികച്ചും അപ്രതീക്ഷിതമായ ശബരിയുടെ വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. യാതൊരു തരത്തിലുള്ള ദുശ്ശീലങ്ങളുമില്ലാത്തയാളായിരുന്നു ശബരിയെന്നും ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നയാളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. 

ഇത്തരമൊരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകുന്നത് എന്നതാണ് ഏവരും പങ്കുവയ്ക്കുന്ന വിഷയം. സത്യത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് കൊണ്ടും, മോശം ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് കൊണ്ടും കാര്‍ഡിയാക് അറസ്റ്റ് പോലൊരു അവസ്ഥയില്‍ നിന്ന് ഒരു വ്യക്തി രക്ഷപ്പെടുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. 

തീര്‍ച്ചയായും വലിയൊരു പരിധി വരെ ഹൃദ്രോഗങ്ങളില്‍ നിന്നും മരണകാരണമായേക്കാവുന്ന മറ്റ് പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നല്ലൊരു ജീവിതരീതിയും ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധയും സഹായകമാകും എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതുകൊണ്ട് പരിപൂര്‍ണ്ണമായും 'റിസ്‌ക് ഫാക്ടര്‍' ഇല്ലാതാകുന്നില്ലെന്നും ഇവര്‍ പറയുന്നു. 

'സാധാരണഗതിയില്‍ ഹൃദയാഘാതം സംഭവിച്ച് നമുക്കരികിലെത്തുന്ന രോഗികളില്‍ എഴുപത്- എഴുപത്തിയഞ്ച് ശതമാനം രോഗികളിലും പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളോ അല്ലെങ്കില്‍ ജീവിതരീതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ ഒക്കെ കാണാറുണ്ട്. എന്നാല്‍ ഇരുപത്- ഇരുപത്തിയഞ്ച് ശതമാനം പേരില്‍ അത്തരത്തിലുള്ള യാതൊരു പൂര്‍വ്വകാല ഹിസ്റ്ററിയും കാണാറില്ല. അതിനര്‍ത്ഥം, ആരുടെ കാര്യത്തിലും നമുക്ക് പരിപൂര്‍ണ്ണമായ ഗ്യാരണ്ടി നല്‍കാനാകില്ല എന്നതാണ്...'- കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.ഷിഫാസ് ബാബു എം, പറയുന്നു. 

വ്യക്തികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് 'റിസ്‌ക്' സാധ്യത കുറയ്ക്കുന്നുണ്ട്. പക്ഷേ മറ്റ് പല ഘടകങ്ങളും ഇതിനിടെ പ്രവര്‍ത്തിക്കാം. 

'ശബരീനാഥിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ, ചുരുക്കം കേസുകള്‍ ഉണ്ടാകാം എന്നാണ് പറയുന്നത്. പല കാരണങ്ങളുമാകാം ഇത്തരത്തിലൊരു കാര്‍ഡിയാക് അറസ്റ്റിന് പിന്നില്‍ വരുന്നത്. പാരമ്പര്യ ഘടകങ്ങള്‍ ആകാം, അതുപോലെ കാര്‍ഡിയോമയോപ്പതി പോലുള്ള ഹൃദയത്തെ ബാധിക്കുന്ന ചില രോഗങ്ങള്‍ മൂലവും സംഭവിക്കാം. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തില്‍ വരുന്ന താളപ്പിഴകളും പിന്നീട് കാര്‍ഡിയാക് അറസ്റ്റില്‍ കലാശിക്കാറുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള അസുഖങ്ങളില്‍ രോഗി ലക്ഷണം പ്രകടമാക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും കാര്‍ഡിയാക് അറസ്റ്റ് തന്നെ ലക്ഷണമായി വരാറുണ്ട്. ഇതില്‍ രോഗിക്ക് സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭ്യമാക്കുക എന്നതാണ് ആകെ ചെയ്യാനുള്ളത്. ചിലരെ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. ചിലര്‍ക്ക് അതോടെ മരണവും സംഭവിക്കാം....'- ഡോ. ഷിഫാസ് പറയുന്നു. 

കായികവിനോദങ്ങളിലോ കായികാധ്വാനങ്ങളിലോ ഏര്‍പ്പെട്ടുവെന്നത് കാര്‍ഡിയാക് അറസ്റ്റിനുള്ള കാരണമാകണമെന്ന് നിര്‍ബന്ധമില്ലെന്നും ഒളിച്ചിരിക്കുന്ന മറ്റ് രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും തന്നെയാണ് പ്രധാനമായും ഇതിന് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

'കാര്‍ഡിയാക് അറസ്റ്റിന്റെ കാര്യത്തില്‍ നമുക്ക് ആകെ ചെയ്യാവുന്നത് സിപിആര്‍ നല്‍കിയോ ഷോക്ക് നല്‍കിയോ ഒക്കെ രോഗിയെ തിരിച്ചെടുക്കാം എന്നതാണ്. ഈയൊരു ഉദ്ദേശത്തോട് കൂടിയാണ് റെയില്‍വേ സ്‌റ്റേഷന്‍, അതല്ലെങ്കില്‍ തിരക്കുള്ള ഇടങ്ങളിലെല്ലാം ഡിഫിബ്രിലേറ്റര്‍ എന്ന ഉപകരണം വയ്ക്കുന്നത്. പലപ്പോഴും കാര്‍ഡിയാക് അറസ്റ്റുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ സമയത്തിന് ചെയ്യാനാകാതെയാണ് അധികം ആളുകളും മരണത്തിലേക്ക് എത്തുന്നത്....'- ഡോക്ടര്‍ പറയുന്നു. 

ജീവിതരീതികളില്‍ ശ്രദ്ധ പുലര്‍ത്തുന്നതും വ്യായാമം ചെയ്യുന്നതും ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയോടെ തുടരുന്നതുമെല്ലാം തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരാശ തോന്നേണ്ടതില്ലെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- 'സ്‌നേഹിതാ, ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു, പക്ഷെ...