ഉയർന്ന രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്.  ജീവിതരീതികളിലെ പ്രശ്നങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും അസുഖം മൂലമോ ആണ് രക്തസമ്മര്‍ദ്ദം കൂടുകയും കുറയുകയും ചെയ്യുന്നത്. ശരീരത്തില്‍ സിങ്കിൻ്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയ‍രുന്നതിന് കാരണമാകുന്നത്.

അമിതമാകുന്ന സോഡിയത്തെ വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയുമാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനം പറയുന്നത്. 

ജീരകം, കടല്‍ മത്സ്യങ്ങള്‍, നട്ട്‌സ്, ഗോതമ്പ്, പയര്‍, മുട്ട പോലുള്ള ഭക്ഷണങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സിങ്കിൻ്റെ കുറവ് പരിഹരിക്കാവുന്നതാണ്. ‘അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജി’ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

ഒന്ന്...

വ്യായാമം എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്. ഇത് രക്തചംക്രമണം സുഗമമാക്കി ഹൃദയത്തെ കരുത്തുളളതാക്കും. വ്യായാമം ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുക മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഹെൽത്തി ഡയറ്റ് ശീലമാക്കാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയ മികച്ചൊരു ഡയറ്റ് ശീലിക്കുന്നത് പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ തടയാൻ സഹായിക്കും. 

മൂന്ന്...

മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്. മനസ്സംഘര്‍ഷമുള്ള സമയത്ത് ഹൃദയമിടിപ്പ് കൂടുന്നതായും രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനസ്സിനെ ആയാസപ്പെടുത്തുന്ന ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും മനശ്ശാന്തിക്കുള്ള വ്യായാമമോ ഹോബിയെ പിന്തുടരുകയും ചെയ്യുകയാണ് വേണ്ടത്.