കൊറോണ വൈറസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌ക്, ഗ്ലൗസ് പോലുള്ള അവശ്യവസ്തുക്കള്‍ക്ക് വന്‍ ക്ഷാമമാണ് വിപണിയില്‍ നേരിടുന്നത്. രോഗഭീതിയെ തുടര്‍ന്ന് എല്ലാവരും ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നത് മൂലമാണ് ഇവ ആവശ്യത്തിന് പോലും കടകളില്‍ നിന്ന് ലഭ്യമല്ലാതിരിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. 

ഇത്തരം ഉത്പന്നങ്ങള്‍ക്ക് 'ഡിമാന്‍ഡ്' കൂടിയതോടെ കടുത്ത വിലവര്‍ധനയുമാണ് ഇപ്പോള്‍ നേരിടുന്നത്. പലയിടങ്ങളിലും മാസ്‌കും ഗ്ലൗസും പോലുള്ള മെഡിക്കല്‍ ഉത്പന്നങ്ങള്‍ പൂഴ്ത്തിവച്ച് അമിതവിലയ്ക്ക് മറിച്ചുകൊടുക്കപ്പെടുന്നുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമൊന്നും പലപ്പോഴും ആവശ്യമുള്ളപ്പോള്‍ ഇത്തരം സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇതോടെ ബാക്കിയാകുന്നത്. അതിനാല്‍ തന്നെ മാസ്‌ക് ഉപയോഗിക്കുന്ന കാര്യത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന നിര്‍ദേശത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

ആരൊക്കെയാണ് മാസ്‌ക് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിലാണ് ആദ്യം ആരോഗ്യവകുപ്പ് വ്യക്തത വരുത്തുന്നത്. മൂന്ന് വിഭാഗക്കാര്‍ മാത്രമാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഒന്ന്, കൊവിഡ് ലക്ഷണങ്ങളുമായി കഴിയുന്നവര്‍. രണ്ട്, കൊവിഡ് ബാധിച്ചവരെയോ നിരീക്ഷണത്തിലിരിക്കുന്നവരെയോ പരിചരിക്കുന്നവര്‍. മൂന്ന്, ആരോഗ്യപ്രവര്‍ത്തകര്‍. ഇതിലധികമുള്ളവര്‍ നിലവില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന.