ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുതലാണെന്നതിനാലും ഇവരിലൂടെയാണ് രോഗം ഏറെയും പടരുന്നത് എന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായും ഒഴിവാക്കണെമന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുള്ള അശ്രദ്ധ വരുംദിവസങ്ങളില്‍ സാഹചര്യം മോശമാക്കിയേക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. 

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള കൊവിഡ് കേസുകളുടെ എണ്ണത്തില്‍ പതിവായ വര്‍ധന രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. 

മാസ്‌ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍, ആളുകള്‍ കൂടിച്ചേരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കല്‍ എന്നീ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവച്ചതായാണ് സൂചന. 

മഹാരാഷ്ട്രയില്‍ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പിടികൂടുന്നതിനായി പൊലീസില്‍ നിന്ന് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ സാമൂഹികാകലം പാലിക്കാത്ത സാഹചര്യമാണ് ഏറെയും കണ്ടുവരുന്നത്. 

ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുതലാണെന്നതിനാലും ഇവരിലൂടെയാണ് രോഗം ഏറെയും പടരുന്നത് എന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായും ഒഴിവാക്കണെമന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുള്ള അശ്രദ്ധ വരുംദിവസങ്ങളില്‍ സാഹചര്യം മോശമാക്കിയേക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

പ്രായമായവര്‍ കഴിവതും വീട്ടില്‍ തന്നെ തുടരുക. പ്രായായവര്‍ വീട്ടിലുണ്ടെങ്കില്‍ ചെറുപ്പക്കാരും പുറത്തുപോകുമ്പോള്‍ കരുതലെടുക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷനിലേക്ക് മാറുക. അനാവശ്യമായ ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക. തിരക്കുള്ളയിടങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കുക. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണെങ്കില്‍ സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, ഡിസ്ഇന്‍ഫക്ടന്റ് എന്നിവ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക. ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കാനുള്ളത്.

Also Read:- അറിയാം, കൊവിഡ് പകരാന്‍ സാധ്യതയുള്ള ആറ് ഇടങ്ങളെ കുറിച്ച്....