Asianet News MalayalamAsianet News Malayalam

'പതഞ്ജലി'യെ കയ്യൊഴിഞ്ഞ് കേന്ദ്രവും; കൊറോണയ്ക്കുള്ള മരുന്നെന്ന് അവകാശപ്പെടാനാകില്ല

കൊറോണ വൈറസ് എന്ന രോഗകാരിയെ തുരത്താന്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകര്‍ നിരന്തരം ജോലി ചെയ്യുന്ന സാഹചര്യത്തില്‍ യാതൊരു തെളിവുമില്ലാതെ ഒരു മരുന്നുമായി വിപണിയിലേക്കിറങ്ങാന്‍ 'പതഞ്ജലി'ക്ക് ആരാണ് അധികാരം നല്‍കിയത് എന്ന തരത്തിലായിരുന്നു ഏറെയും വിമര്‍ശനങ്ങള്‍ വന്നിരുന്നത്. മരുന്ന് ഉത്പാദിപ്പിച്ചെടുത്തതിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നിരുന്നു

centre says that patanjali cant sell its new medicine with claims of curing covid 19
Author
Delhi, First Published Jun 30, 2020, 11:15 PM IST

കൊവിഡ് 19നുള്ള മരുന്ന് എന്ന അവകാശവാദവുമായി യോഗ അധ്യാപകനായ ബാബാ രാംദേവിന്റെ 'പതഞ്ജലി' പരസ്യപ്പെടുത്തിയ മരുന്നിനെതിരെ കേന്ദ്ര സര്‍ക്കാര്‍. മരുന്ന് കൊവിഡ് 19ന് വേണ്ടിയുള്ളതാണെന്ന് അവകാശപ്പെടരുതെന്ന് കാണിച്ച് ഉത്തരാഖണ്ഡ് ലൈസന്‍സ് അതോറിറ്റിക്കാണ് കേന്ദ്രസര്‍ക്കര്‍ ഇ-മെയില്‍ അയച്ചിരിക്കുന്നത്. 

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആയിരുന്നു 'പതഞ്ജലി'യുടെ 'ദിവ്യ കൊറോണ' എന്ന മരുന്ന് പാക്കേജിന് ലൈസന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ മരുന്നിന്റെ പരസ്യം പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഉത്തരാഖണ്ഡ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

പനിക്കും ചുമയ്ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമുള്ള മരുന്ന് എന്ന പേരിലായിരുന്നു 'പതഞ്ജലി' ലൈസന്‍സിന് അപേക്ഷിച്ചതെന്നും കൊറോണയ്ക്കുള്ള മരുന്ന് എന്ന് അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നില്ലെന്നുമായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചത്. 

ഇതോടെ വെട്ടിലായ 'പതഞ്ജലി' നിയമനടപടി നേരിടേണ്ട സാഹചര്യവും വന്നു. ജയ്പൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ വന്ന പരാതിയില്‍ കമ്പനിയുടെ ഉത്തരവാദിത്തമുള്ള ബാബാ രാംദേവ് അടക്കമുള്ള മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ പുതിയ മരുന്ന് കൊറോണയെ ഭേദപ്പെടുത്തുമെന്ന് തങ്ങള്‍ അവകാശപ്പെട്ടിട്ടില്ല എന്ന വാദവുമായി കമ്പനി സിഇഒയും രംഗത്തെത്തി. 

ഏതായാലും വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുതിയ മരുന്ന് പുറത്തിറക്കുന്ന കാര്യത്തില്‍ 'പതഞ്ജലി'ക്ക് ചുവന്ന കൊടി കാണിച്ചിരിക്കുകയാണിപ്പോള്‍. 

'കൊറോണില്‍', 'സ്വാസരി' എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആണ് 'ദിവ്യ കൊറോണ'. ഇതിന് കൊവിഡ് 19 ഭേദപ്പെടുത്താന്‍ കഴിയുമെന്ന തരത്തിലായിരുന്നു 'പതഞ്ജലി'യുടെ പരസ്യം. പരസ്യം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനമാണ് ഇതിനെതിരെ വന്നത്.

കൊറോണ വൈറസ് എന്ന രോഗകാരിയെ തുരത്താന്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകര്‍ നിരന്തരം ജോലി ചെയ്യുന്ന സാഹചര്യത്തില്‍ യാതൊരു തെളിവുമില്ലാതെ ഒരു മരുന്നുമായി വിപണിയിലേക്കിറങ്ങാന്‍ 'പതഞ്ജലി'ക്ക് ആരാണ് അധികാരം നല്‍കിയത് എന്ന തരത്തിലായിരുന്നു ഏറെയും വിമര്‍ശനങ്ങള്‍ വന്നിരുന്നത്. മരുന്ന് ഉത്പാദിപ്പിച്ചെടുത്തതിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. 

ജയ്പൂരിലുള്ള നിംസ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) എന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് തങ്ങള്‍ മരുന്ന് കണ്ടെത്തിയതെന്നും ദില്ലി, അഹമ്മദാബാദ്, മീററ്റ് തുടങ്ങിയ നഗരങ്ങളിലായി 280 രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും 'പതഞ്ജലി' അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം വിവാദമുയര്‍ന്നതോടെ കമ്പനി പാടെ തള്ളുകയായിരുന്നു. 

Also Read:- പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്'; ലൈസന്‍സ് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരും കൈ മലര്‍ത്തി...

Follow Us:
Download App:
  • android
  • ios