ഒക്ടോബര്‍ 6- സെറിബ്രല്‍ പാള്‍സി ദിനം! കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി.

ഒക്ടോബര്‍ 6- സെറിബ്രല്‍ പാള്‍സി ദിനം! കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി.

പൂര്‍ണമായും ഭേദമാക്കാന്‍ കഴിയില്ലെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെയും പരിചരണത്തിലൂടെയും തെറാപ്പികളിലൂടെയും കുഞ്ഞുങ്ങളിലെ സെറിബ്രല്‍ പാള്‍സിയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. അതിന് വേണ്ടത് കൂട്ടായ പരിശ്രമമാണ്. കൃത്യമായ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത്. ഈ കൊവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കായി അവരുടെ മാതാപിതാക്കളും തെറാപ്പിസ്റ്റുകളും സാന്ത്വനമേകുന്നത്.

ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നതാണ് സെറിബ്രല്‍ പാള്‍സിക്ക് കാരണമാകുന്നത്. പ്രാരംഭഘട്ടത്തില്‍, അതായത് കുഞ്ഞ് ജനിച്ച നാള്‍ തൊട്ടു തന്നെ പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ ശ്രദ്ധയും മാര്‍ഗനിര്‍ദ്ദേശവും ലഭിച്ചാല്‍ ഒരു പരിധി വരെ കുഞ്ഞുങ്ങളില്‍ സെറിബ്രല്‍ പാള്‍സിയുടെ തോത് കുറയ്ക്കാന്‍ സാധിക്കും. നാല് മാസമായിട്ടും കുഞ്ഞുങ്ങളുടെ തലയുറക്കാതെ വരുക, കൈ കാലുകളുടെ ചലനം കുറയുക, കൈകാലുകള്‍ ടൈറ്റ് ആയിരിക്കുക തുടങ്ങിയവയാണ് സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍. കൂടാതെ ആറ് മാസമായിട്ടും കമിഴാനും ഇരിക്കാനും താമസം വന്നാലും മാതാപിതാക്കള്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ സഹായം തേടണം.

''സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളെ നമ്മുടെ ദൈനംദിന സാമൂഹിക ഇടപെടലില്‍ ഉള്‍പെടുത്തുമ്പോള്‍ അവര്‍ക്ക് കുടുംബം, സമൂഹം, വിദ്യാഭ്യാസം, വിനോദം മുതലായവയുടെ ഭാഗമാകാനും ആസ്വദിക്കാനും കഴിയും. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയോ രക്ഷിതാക്കളോ മാത്രമല്ല, മുഴുവന്‍ കുടുംബവും അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. സെറിബ്രല്‍ പക്ഷാഘാതമോ മറ്റ് വൈകല്യമോ ഉള്ള കുട്ടികള്‍ക്ക് നിങ്ങളും ഞാനുമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാ ജീവിത അനുഭവങ്ങളും ലഭിക്കാനുള്ള പൂര്‍ണ അവകാശവുമുണ്ട്. സാമൂഹിക ഇടപെടലിന് ഇത്തരം കുട്ടികളെ പരിശീലിപ്പിക്കേണ്ടത് അവരുടെ കുടുംബം, അധ്യാപകര്‍, സ്‌കൂള്‍ എന്നിവരുടെ മാത്രം ചുമതലയാണെന്നാണ് കരുതരുത്. സമൂഹത്തിന്റെ കൂട്ടായ കടമയാണ് ഇത് എന്നും നാം മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത്തരം കുട്ടികളുടെ പരിമിതികള്‍ മനസിലാക്കി അവരെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി ചേര്‍ത്ത് നിര്‍ത്തണം''- കൊച്ചി പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റിലെ സ്പെഷ്യല്‍ എഡ്യുക്കേറ്ററും കൗണ്‍സിലറുമായ സൂസന്‍ റാഫേല്‍ പറയുന്നു.

കുഞ്ഞുങ്ങള്‍ക്ക് ആറ് മാസമാകുന്നത് വരെ കാത്തിരുന്നിട്ടാണ് സെറിബ്രല്‍ പാള്‍സി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുക. അതുവരെ പ്രാരംഭഘട്ടത്തില്‍ ചെയ്യേണ്ട തെറാപ്പികള്‍ കൃത്യമായി നല്‍കുന്നത് ഫലം ചെയ്യും. ആജീവനാന്ത വൈകല്യമായതുകൊണ്ട് തന്നെ കുട്ടികളെ സ്വയംപര്യാപ്തമാക്കാനുള്ള തെറാപ്പികള്‍ ചെയ്യുക എന്നത് മാത്രമാണ് സെറിബ്രല്‍ പാള്‍സിക്കുള്ള ചികിത്സ. പല്ല് തേയ്ക്കുക, കപ്പ് പിടിക്കുക പോലുള്ള കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലുള്ള കുട്ടികളെ സ്വന്തം ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പ്രാപ്തരാക്കുകയാണ് ഇവര്‍ക്കായുള്ള സെന്ററുകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ സൂക്ഷ്മമായ പരിശീലനത്തിലൂടെ സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളെ പൂര്‍ണമായിട്ടല്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

''മസ്തിഷ്‌ക ക്ഷതം മൂലം സെറിബ്രല്‍ പക്ഷാഘാതമുള്ള കുട്ടികള്‍ വൈകാരിക ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. മസ്തിഷ്‌ക ക്ഷതം സംഭവിക്കുമ്പോള്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പാതകളും നെറ്റ്വര്‍ക്കുകളും തടസ്സപ്പെട്ടേക്കാം. ഇത്തരം കുട്ടികള്‍ക്ക് വൈകാരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനുള്ള മറ്റൊരു കാരണം അവരുടെ ശാരീരിക പരിമിതികളാണ്. ഒരു ക്ലാസ് മുറിയില്‍, ശാരീരിക പരിമിതികളും വൈകാരിക ക്ലേശങ്ങളും ഉള്ള കുട്ടികളുടെ മികച്ച സുഹൃത്തുക്കളായി മാറാന്‍ മറ്റ് കുട്ടികളെ പ്രോത്സാഹിപ്പിക്കാം''- സൈക്കോളജിസ്റ്റായ മിന്ന മാത്യു വ്യക്തമാക്കി.

500ലൊരാള്‍ക്ക് വീതം സെറിബ്രല്‍ പാള്‍സി ബാധിക്കുന്നതായാണ് കണക്ക്. പത്ത് വര്‍ഷം മുമ്പത്തേക്കാള്‍ ആളുകള്‍ക്കിടയില്‍ സെറിബ്രല്‍ പാള്‍സിയെ കുറിച്ചുള്ള അവബോധം വളര്‍ന്നതും വൈദ്യശാാസ്ത്രരംഗം വളരെയധികം മുന്നോട്ടുപോയതും ചികിത്സയെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് വ്യാപനവും ലോക്ഡൗണും തെറാപ്പിയെ ബാധിച്ചത് കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെല്ലാം സൃഷ്ടിച്ച വിഷമതകള്‍ വളരെ വലുതാണ്. തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല കുഞ്ഞുങ്ങള്‍ക്കും മസില്‍ ടൈറ്റ് ആകുന്നതുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇപ്പോള്‍ പല സ്ഥാപനങ്ങളും തെറാപ്പികള്‍ വീണ്ടും ആരംഭിച്ചത് മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസമാണ്.

"സെറിബ്രല്‍ പാള്‍സിക്കായുള്ള ഒക്യുപ്പേഷണല്‍ തെറാപ്പിയിലൂടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സ്വതന്ത്ര ജീവിതആസ്വാദനം സാധ്യമാക്കുകയും ചെയ്യുന്നു. സ്വന്തം ശാരീരിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റുന്നതിനൊപ്പം വിദ്യാഭ്യാസം തുടരുന്നതിനും തൊഴില്‍ നേടാനും സമപ്രായക്കാരുമായി സാമ്പത്തിക തുല്യത കൈവരിക്കുന്നതിനും ഒക്ക്യുപ്പേഷണല്‍ തെറാപ്പി ഒരു കുട്ടിയെ പ്രാപ്തമാക്കുന്നു''- ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ഷേബ സാം പറയുന്നു.

''ശാരീരിക പരിമിതികളുടെ കൂടെ തന്നെ ആശയവിനിമയത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളെ അലട്ടുന്ന വിഷയമാണ്. അവരുടെ ഓറല്‍ ഫേഷ്യല്‍ മസിലുകളുടെ ബലക്കൂടുതലോ ബലക്കുറവോ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. നാവിന്റെ ചലനശേഷിയെ ബാധിക്കുന്നതും, ചുണ്ടുകള്‍ ചേര്‍ത്തു വെക്കാന്‍ പറ്റാത്ത അവസ്ഥയും കുട്ടികളുടെ സംസാര രീതിയെയും ബാധിക്കും. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികളില്‍ അത് എത്ര നേരത്തെ കണ്ടുപിടിച്ച് തെറാപ്പി ചെയ്യാന്‍ പറ്റുന്നോ അത്രയും നല്ലതാണ്. സ്പീച്ച് തെറാപ്പിയില്‍ ഓരോ കുട്ടികളുടെയും ബുദ്ധിമുട്ടുകള്‍ അനുസരിച്ചാണ് തെറാപ്പി നടത്തുക. ഇതിലൂടെ കുട്ടികള്‍ക്ക് സൈന്‍ ലാംഗ്വേജോ, ഡിജിറ്റലൈസ്ഡ് ആപ്പുകളോ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്''- ഏഞ്ച്‌ല ആലപ്പാട്ട് (സ്പീച്ച് ലാംഗ്വേജ് പെതോളജിസ്റ്റ്) പറയുന്നു. 

കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായി ശ്രദ്ധ നല്‍കണം. തെറാപ്പികള്‍ നല്‍കുന്നതിനൊപ്പം സമൂഹത്തില്‍ അവര്‍ക്ക് സാധാരണ ജീവിതം ഒരുക്കി നല്‍കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

കടപ്പാട്: മിന്ന മാത്യു (സൈക്കോളജിസ്റ്റ്), സൂസന്‍ റാഫേല്‍ (കൗണ്‍സിലര്‍), ശ്രുതി ശരത്ത്, ഷേബ സാം( ഒക്യുപേഷണല്‍ തെറാപിസ്റ്റ്), ഏഞ്ച്‌ല ആലപ്പാട്ട് (സ്പീച്ച് ലാംഗ്വേജ് പെതോളജിസ്റ്റ്), പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് (കൊച്ചി)