ലോകരാജ്യങ്ങളെ ആകെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് സാധാരണക്കാര്‍ ഓരോ ദിവസത്തേയും അഭിമുഖീകരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയിലുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് നേതൃത്വം നല്‍കുന്നത്. ഇടവിട്ട് കൈ കഴുകുന്നതിന്റേയും ആള്‍ക്കൂട്ടവും ബഹളവും ഒഴിവാക്കുന്നതിന്റേയുമെല്ലാം പ്രാധാന്യം ഇതിനോടകം തന്നെ പലവട്ടം ആവര്‍ത്തിച്ച് നമ്മുടെ മനസിലുറപ്പിക്കാന്‍ ആരോഗ്യവകുപ്പിനായിട്ടുണ്ട്. 

വീടുകള്‍ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കുകയെന്നതാണ് ഏറ്റവും മികച്ച പ്രതിരോധമാര്‍ഗമായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ നമ്മളെല്ലാം ആവശ്യമായ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട്. എന്നാല്‍ ഇതിനിടെ പലപ്പോഴായി ഉയര്‍ന്നുകേട്ട ചില പരാതികളിലൊന്ന് ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയില്‍ ലഭ്യമല്ല എന്നതാണ്. അതുപോലെ തന്നെ അമിതവില ഈടാക്കി സാനിറ്റൈസര്‍ വില്‍പന നടത്തുന്നുവെന്ന പരാതിയും വ്യാപകമായിരുന്നു. 

ഈ കൊറോണക്കാലത്താണ് സാധാരണക്കാരായ ആളുകള്‍ സാനിറ്റൈസര്‍ എന്ന ഉത്പന്നത്തിന്റെ പ്രാധാന്യം മനസിലാക്കുന്നത് തന്നെ എന്ന് പറയാം. എന്നാലിത് ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യത്തില്‍ തികച്ചും നിസഹായരായിപ്പോകുന്നവരാണ് അധികവും. ഈ ഒരു ഘട്ടത്തിലാണ് സ്വന്തമായി സാനിറ്റൈസര്‍ നിര്‍മ്മിക്കാമെന്ന ആശയത്തിലേക്ക് ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകരെത്തുന്നത്. 

കോളേജില്‍ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈകള്‍ ശുദ്ധികരിക്കാനും, അവരിരിക്കുന്ന ബെഞ്ച്, ഡസ്‌ക് എന്നിവയെല്ലാം ശുദ്ധീകരിക്കാനും ആവശ്യമായ സാനിറ്റൈസര്‍ നല്‍കണമെന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര സാനിറ്റൈസര്‍ വിപണിയില്‍ ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ, സ്വന്തമായി ചെയ്യാമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. കോളേജ് പ്രിന്‍സിപ്പള്‍ കെ സജീവ്, പിടിഎ, വിദ്യാര്‍ത്ഥി യൂണിയന്‍, മറ്റ് അധ്യാപകര്‍ എല്ലാം ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. 

 

 

ലോകാരോഗ്യസംഘടനയുടെ ഫോര്‍മുലേഷന്‍ അനുസരിച്ചാണ് ഇവര്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 'ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍', 'ഗ്ലിസറോള്‍', 'ഹൈഡ്രജന്‍ പെറോക്‌സൈഡ്' എന്നിവയാണ് പ്രധാന ചേരുവകള്‍. ഇതിനൊപ്പം മണം ലഭിക്കാനായി എസന്‍ഷ്യല്‍ ഓയില്‍, റോസ് വാട്ടര്‍ എന്നിവയും ചേര്‍ത്തിരിക്കുന്നു. 10 ലിറ്റര്‍ നിര്‍മ്മിക്കാനായി ചിലവായത് 3400 രൂപയാണ്. ഏതാണ്ട് നാല്‍പത് ലിറ്ററോളം ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് വേണ്ട പണം നല്‍കിയത് പിടിഎയാണ്. അതുപോലെ, ചില കച്ചവടസ്ഥാപനങ്ങള്‍ ബോട്ടില്‍ സൗജന്യമായി നല്‍കാമെന്നേറ്റു. 

അങ്ങനെ കെമിസ്ട്രി വിഭാഗം മേധാവിയായ ഡോ. ടി പി ധന്യ, അധ്യാപകരായ ഡോ. യു ബിന്ദു, ഡോ. സിന്ധു രാമചന്ദ്രൻ, ഡോ.ഇ സുധ, ഡോ. ആർ എസ് അഞ്ജു, ഡോ. എം മോഹനകൃഷ്ണൻ, ഡോ. ജെയ്മി, വിജി  എന്രുനിവരുടെ നേതൃത്വത്തില്‍ 'ബ്രേക്ക് ദ ചെയിന്‍' എന്ന പേരില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചു. ഇനിയിത് കുപ്പികളിലാക്കി കോളേജില്‍ വരുന്നവര്‍ക്കും, ചുറ്റുവട്ടത്തുള്ള കടകളിലും വീടുകളിലുമെല്ലാം വിതരണം ചെയ്യാനാണ് ഇവരുടെ പദ്ധതി. 

'കൊറോണയ്‌ക്കെതിരെ ഒരു ജാഗ്രത എന്ന നിലയ്ക്കാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്. പക്ഷേ സാനിറ്റൈസര്‍ ഒരുപാട് വില കൂട്ടി വില്‍പന നടത്തുന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. ഈ ഘട്ടത്തില്‍ നമ്മള്‍ പരസ്പരം കാണിക്കേണ്ടത് മനുഷ്യത്വമാണ്. അതിനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഞങ്ങള്‍ അത് മാത്രമാണ് ചെയ്യുന്നത്..'- പ്രിന്‍സിപ്പള്‍ കെ. സജീവ് പറയുന്നു. 

കൊല്ലം, വയനാട് തുടങ്ങി പലയിടങ്ങളിലും കോളേജുകളില്‍ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഇതാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നും അധ്യാപികയായ അഞ്ജു പറയുന്നു. 

'മറ്റ് പല കോളേജുകളും ഇത് ചെയ്യുന്നുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് തന്നെ ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. വളരെ ലളിതമായ ഫോര്‍മുലയിലാണ് ഞങ്ങള്‍ സാനിറ്റൈസറുണ്ടാക്കിയിട്ടുള്ളത്. ആകെ വേണ്ടത് കെമിക്കലുകള്‍ കൈകാര്യം ചെയ്യാനുള്ള പരിചയം മാത്രമാണ്. അത് സ്വാഭാവികമായും കെമിസ്ട്രിക്കാര്‍ക്ക് ഉണ്ടാകുമല്ലോ. പിന്നെ ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാനാകുന്നത് ഇതൊക്കെയല്ലേ, അത്രയും ചെയ്യുക...'- അഞ്ജു പറയുന്നു. 

ഏത് പ്രതികൂല സാഹചര്യത്തിലും കൈകോര്‍ത്ത് പിടിക്കുമ്പോള്‍ കിട്ടുന്ന ധൈര്യം വളരെ വലുതാണ്. തോറ്റുപോകില്ല, അല്ലെങ്കില്‍ തോല്‍ക്കാന്‍ മനസില്ലെന്ന് തന്നെയാണ് ഇത്തരം ചെറിയ ചുവടുവയ്പുകള്‍ പോലും ഉറക്കെ പ്രഖ്യാപിക്കുന്നത്. ഈ കൊറോണക്കാലത്ത് കേരളം മാതൃകയാകുന്നത് ഇങ്ങനെയെല്ലാം കൂടിയാണെന്ന് പറയാം.