വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലുപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. 

നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. ഏറ്റവും ഒടുവിൽ അല്‍ഷിമേഴ്സ് രോഗത്തിന് പ്രതിവിധിയുമായി ചെെന മുന്നോട്ട് വന്നിരിക്കുകയാണ്. ചൈന നാഷണല്‍ മെഡിക്കല്‍ പ്രോഡക്ട്സ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ശനിയാഴ്ച ഈ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു. 

GV-971 എന്നാണ് ഈ മരുന്നിന്റെ പേര്. ഡിസംബര്‍ അവസാനവാരത്തോടെ മരുന്ന് ചൈനയിൽ വിപണിയിലിറങ്ങും. ഇതിന് മുമ്പ് അല്‍ഷിമേഴ്സ് രോ​ഗത്തിന് വിവിധ മരുന്നു കമ്പനികൾ 320 ഓളം മരുന്നുകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും അത്ര ഫലം കണ്ടില്ല. ഗ്രേ ആല്‍ഗയില്‍ നിന്നാണ് ഈ മരുന്ന് ഉല്‍പാദിപ്പിച്ചിരിക്കുന്നത്‌. രോഗത്തിന്റെ മധ്യഘട്ടത്തിൽ എത്തിയ രോഗികളില്‍ പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 22 വര്‍ഷത്തെ ശ്രമഫലമാണ് ഈ മരുന്ന് എന്നാണ് ചൈന പറയുന്നത്.