വാക്‌സിന്‍ വിവരങ്ങള്‍ ചൈന എന്തുകൊണ്ട് ഒരുമാസം വൈകിപ്പിച്ചെന്നും വ്യക്തമല്ല. എത്രപേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നതും അവ്യക്തമാണ്. 

ബീജിംഗ്: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ഉപയോഗം ഒരു മാസം മുമ്പേ ആരംഭിച്ചെന്ന് ചൈന. ക്ലിനിക്കല്‍ ട്രയല്‍ ഘട്ടം ഒഴിവാക്കിയാണ് ചൈന വാക്‌സിനേഷന്‍ ആരംഭിച്ചത്. റഷ്യക്കും മുമ്പ് ജൂലൈ 22ന് വാക്‌സിനേഷന്‍ തുടങ്ങിയെന്നും ചൈന വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിനെടുത്തതെന്ന് ചൈനീസ് ആരോഗ്യ വിഭാഗം അവകാശപ്പെട്ടു. ചൈനയുടെ പ്രസ്താവന പാപ്പുവ ന്യൂഗിയയുമായുള്ള നയതന്ത്ര പ്രശ്‌നമുണ്ടാക്കി. പാപ്പുവ ന്യൂഗിയയിലെ ചൈനീസ് സംഘത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് പാപ്പുവ ന്യൂഗിയ ആരോപിച്ചു.

ചൈനീസ് സൈനികര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയെന്ന് ചൈനീസ് സ്‌റ്റേറ്റ് ടിവി അവകാശപ്പെട്ടു. ഭക്ഷ്യമാര്‍ക്കറ്റിലെ ജീവനക്കാര്‍, ഗതാഗത ജീവനക്കാര്‍, സേവനമേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞു. ജനസംഖ്യയിലെ പ്രത്യേക വിഭാഗത്തിന് പ്രതിരോധ ശേഷി നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍, ലോകാരോഗ്യ സംഘടന ചൈനീസ് വാക്‌സിന്‍ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാക്‌സിന്‍ വിവരങ്ങള്‍ ചൈന എന്തുകൊണ്ട് ഒരുമാസം വൈകിപ്പിച്ചെന്നും വ്യക്തമല്ല. എത്രപേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നതും അവ്യക്തമാണ്.

ആ മാസം ആദ്യമാണ് വാക്‌സിന്‍ പരീക്ഷിച്ചെന്ന അവകാശ വാദവുമായി റഷ്യ രംഗത്തെത്തിയത്. ആദ്യ ഡോസ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ മകളിലാണ് പരീക്ഷിച്ചതെന്നും അധികം വൈകാതെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങുമെന്നും റഷ്യ അറിയിച്ചിരുന്നു. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം വാക്‌സിന്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു. ഇന്ത്യയിലും വാക്‌സിന്‍ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.