കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന. 'ദ ഗാര്‍ഡിയന്‍' ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്  ചെയ്തത്. വൈറസിന്‍റെ ഉദ്ഭവത്തെ സംബന്ധിച്ചുള്ള പഠനങ്ങളുടെ വിവരങ്ങൾ പുറത്തുപോകുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് യൂണിവേഴ്സിറ്റികളുടെ നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പല പഠനങ്ങളും വെബ്സൈറ്റിൽനിന്ന് പിൻവലിക്കപ്പെട്ടിട്ടുണ്ട്. 

അത് പോരാത്തതിന് കൊവിഡ് 19മായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും പ്രസിദ്ധീകരിക്കുന്നതിനു മുൻപായി സര്‍ക്കാരിന്‍റെ അനുമതി വാങ്ങിയിരിക്കണം. ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യമായി പടര്‍ന്നുപിടിച്ചത്. പിന്നീട് ലോകവ്യാപകമായി രോഗം ബാധിച്ച് മരണങ്ങള്‍ സംഭവിച്ചത്. വുഹാനിൽ വൈറസ് ആദ്യമായി ഉദ്ഭവിച്ചത് എങ്ങനെ? നുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇതു പകർന്നത് എങ്ങനെ? തുടങ്ങിയ പല ചോദ്യങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 

ഈ പഠനങ്ങള്‍ എല്ലാം സർക്കാരിന്‍റെ അവകാശവാദത്തെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണം കൊണ്ടുവരാൻ ചൈന തീരുമാനിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിർദേശം ഇറക്കിയത്. തയാറാക്കുന്ന പഠനങ്ങൾ വകുപ്പിലേക്ക് അയയ്ക്കണം എന്നും നിര്‍ദ്ദേശമുണ്ട്. വകുപ്പ് ഇതു പരിശോധിക്കുന്നതിനുവേണ്ടി തയാറാക്കിയിരിക്കുന്ന കൗൺസിലിലേക്ക് അയയ്ക്കും. തുടര്‍ന്ന് ഇവർ ഇതു പഠിച്ചശേഷം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് സർവകലാശാലകളെ അറിയിക്കും.

ചൈന യൂണിവേഴ്സിറ്റ് ഓഫ് ജിയോ സയന്‍സിന്‍റെ പഠനത്തിലെ പേജുകളാണ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ചൈനയും യുഎസും കൊമ്പുകോർക്കുന്നതിനിടെയാണ് ചൈനയിലെ കർശന നിയന്ത്രണങ്ങൾ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.