'ന്യൂട്രീഷ്യണല്‍ ന്യൂറോസയൻസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഇറാനിലെ 'ബിര്‍ജന്ദ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയൻസസി'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്
ഇന്ത്യന്‍ വിഭവങ്ങളെല്ലാം പൊതുവെ സ്പൈസുകളാല്‍ സമ്പന്നമായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ അടുക്കളകളിലെല്ലാം വിവിധ തരത്തിലുള്ള സ്പൈസുകള്‍ എല്ലായ്പോഴും ഉണ്ടായിരിക്കും. ഭക്ഷണത്തില്‍ ഫ്ളേവറിന് എന്ന രീതിയിലാണ് നാം സ്പൈസുകള്‍ ചേര്‍ക്കാറ്. എന്നാലിവയെല്ലാം തന്നെ ആരോഗ്യത്തിന് പല തരത്തില്‍ ഗുണങ്ങളേകുന്നവ കൂടിയാണ്.
പരമ്പരാഗതമായി തന്നെ പല സ്പൈസുകളും ഔഷധങ്ങള്‍ കൂടിയായി കണക്കാക്കപ്പെടുന്നത് ഇതിനാലാണ്. ഇത്തരത്തിലുള്ള ഔഷധഗുണങ്ങളുള്ളൊരു സ്പൈസാണ് കറുവപ്പട്ട. വിവിധ വിഭവങ്ങള്‍ക്ക് മണവും രുചിയും പകരുന്നതിനുള്ള മസാലക്കൂട്ടിലെ പ്രധാന ചേരുവയാണ് കറുവപ്പട്ട.
സൂക്ഷമ രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവ് കറുവപ്പട്ടയ്ക്കുണ്ട്. അതിനാല്‍ പല അണുബാധയെയും ചെറുക്കാൻ കറുവപ്പട്ട നമ്മെ സഹായിക്കുന്നു. ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് പ്രകാരം കറുവപ്പട്ട നമ്മുടെ ബുദ്ധിയുടെ പ്രവര്‍ത്തനത്തെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു. എന്ന് മാത്രമല്ല ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും പഠനത്തിനുള്ള കഴിവിനെ മെച്ചപ്പെടുത്തുന്നതിനുമെല്ലാം കറുവപ്പട്ട സഹായകമാണത്രേ.
'ന്യൂട്രീഷ്യണല്‍ ന്യൂറോസയൻസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഇറാനിലെ 'ബിര്‍ജന്ദ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയൻസസി'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
കറുവപ്പട്ട പതിവായി കഴിക്കുന്നവരില്‍ ബുദ്ധിയില്‍ ഉണര്‍വും മെച്ചപ്പെട്ട ഓര്‍മ്മശക്തിയും കണ്ടെത്താൻ സാധിച്ചുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതേസമയം പ്രമേഹത്തിനുള്ള സാധ്യത കൂടുതലായി കാണുന്നവരില്‍ ഇത് ബുദ്ധിക്ക് കാര്യമായ മെച്ചമൊന്നും ഉണ്ടാക്കിയില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്നത് വ്യക്തമല്ല.
ബുദ്ധിയുടെ പ്രവര്‍ത്തനം ത്വരിതപ്പെട്ടു എന്നതിന് പുറമെ ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയുന്നതിനും കറുവപ്പട്ട സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മിതമായ അളവിലേ ഇതും പതിവായി ഉപയോഗിക്കാവൂ. അല്ലെങ്കിലൊരുപക്ഷേ ദോഷകരമായും ഇതിന്‍റെ ഫലങ്ങള്‍ മാറിവരാം.
കറുവപ്പട്ട ഉപയോഗിക്കുന്നത്...
സാധാരണഗതിയില്‍ വിഭവങ്ങളില്‍ മസാലക്കൂട്ടായാണ് കറുവപ്പട്ട ചേര്‍ത്ത് കഴിക്കാറ്. അല്ലെങ്കില്‍ കറുവപ്പട്ടയിട്ട ചായയും ചിലര്‍ കഴിക്കാറുണ്ട്. എന്നാല്‍ രാത്രിയില്‍ കറുവപ്പട്ട കുതിര്‍ത്തുവച്ച വെള്ളം രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി.
ഒരു ഗ്ലാസ് വെള്ളത്തില്‍ അരയിഞ്ചോളം വലുപ്പത്തിലുള്ള കറുവപ്പട്ട ഇട്ടുവച്ച്, രാവിലെ ഈ വെള്ളം കുടിക്കുകയാണ് ചെയ്യേണ്ടത്. രാവിലെ എഴുന്നേറ്റയുടൻ ഇളംചൂടുവെള്ളം കുടിക്കുന്ന പതിവുണ്ടെങ്കില്‍ ഇതിലേക്ക് കറുവപ്പട്ട പൊടിച്ചത് ചേര്‍ക്കുന്നതും നല്ലത് തന്നെ.
Also Read:- രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി കുതിര്‍ത്ത നാല് അണ്ടിപ്പരിപ്പ് കഴിച്ചാല്‍...
