കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്നത് ഒരേ തലത്തിലായിരിക്കില്ല. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍ ഇതിന്റെ തോത് കൂടുതലായിരിക്കും. വ്യത്യസ്ത അനുഭവങ്ങളിലൂടെ ജീവിക്കുന്ന കുട്ടികള്‍ പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതും പല രീതിയിലായിരിക്കും. 

ചില കുട്ടികള്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും, മറ്റു ചിലര്‍ അസുഖകരമായ ചിന്തകള്‍ വളര്‍ത്തുന്നു. മുതിര്‍ന്നവരെപ്പോലെ, കുട്ടികള്‍ക്കും വ്യത്യസ്ത വ്യക്തിത്വങ്ങളും പ്രതിരോധശേഷിയും ഉണ്ട്. ചിലപ്പോള്‍ ഇത് അവരുടെ സ്വസ്ഥമായ ജീവിതത്തെ ബാധിച്ചേക്കാം.

പുറത്തിറങ്ങാനാകാതെ മിക്ക കുട്ടികളും വീട്ടിലിരുന്ന് മടുത്തു എന്ന് വേണം പറയാൻ. മാസങ്ങളോളം കുട്ടികൾ വീട്ടിലിരിക്കുന്നത് അവരുടെ മാനസികനിലയെ ബാധിക്കാം. ഈ കൊവിഡ് കാലത്ത് കുട്ടികളിൽ ഉണ്ടായ മാറ്റം രക്ഷിതാക്കൾ ശ്രദ്ധിക്കാതെ പോകരുതെന്നാണ് പ്രശസ്ത മനോരോ​ഗ വിദ​ഗ്ധനും എഴുത്തുകാരനുമായ ഡോക്ടർ സി ജെ ജോൺ പറയുന്നത്.

ഈ സമയത്ത് കുട്ടികളെ കൂടുതൽ സന്തോഷിപ്പിക്കാനും വീട്ടിലിരുപ്പ് മൂലം കുട്ടികളിൽ ഉണ്ടാകാനിടയുള്ള കോട്ടങ്ങൾ കുറയ്ക്കാനും പ്രായം മറന്ന് അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഡോ. സിജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാ പിതാക്കൾ ശ്രദ്ധിക്കുക.... 

മധ്യ വേനൽ അവധിയും പള്ളിക്കൂട രസങ്ങളും ,ചങ്ങാതി കൂട്ടായ്‍മകളുമൊക്കെ  നഷ്ടമായി  കുട്ടികൾ വീട്ടിലിരിക്കുന്ന കുറെ മാസങ്ങളാണ് കടന്ന് പോയത് . മനോ വികാസത്തിന് അത്യാവശ്യമായ പലതും പിള്ളേർക്ക് കിട്ടാത്ത മാസങ്ങൾ . ഇത് കൊണ്ട് കുട്ടികളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് സ്നേഹപൂർവ്വം നിരീക്ഷിച്ചാൽ നല്ലത് .എന്റെ കുട്ടിക്ക് ഒരു പ്രശ്നവും ഇല്ലെന്ന്  ചാടി കയറി പറയാൻ തുനിയരുത്. ഒരു പ്രശ്നവും ഇല്ലാത്തതും ചിലപ്പോൾ ഒരു പ്രശ്നത്തിന്റെ  ലക്ഷണമാകാം .പഴയ പ്രകൃതങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ എല്ലാം തന്നെ സൂചനകളാകാം. പണ്ടില്ലാത്തത് പോലെയുള്ള കോപം ,പിരുപിരിപ്പ് ,സങ്കടം ,എതിർത്ത് പറയൽ ,അനുസരണ ക്കേട്‌ -ഇങ്ങനെ പലതും. ഈ വീട്ടിലിരുപ്പിൽ കുട്ടികളുടെ സഹജ ഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം ഇല്ലാത്തതു കൊണ്ടാവാം ഇതൊക്കെ.
ശ്രദ്ധിച്ചാൽ മാത്രമേ ഇതൊക്കെ മനസ്സിലാകൂ .നഷ്ടമായത് ഒക്കെ വീണ്ടെടുത്ത്  കൊടുക്കാൻ പറ്റില്ല .പക്ഷെ അവർക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം നൽകാം .പറയാനുള്ള പരിഭവങ്ങൾ കേൾക്കാം .ഒപ്പം കളിക്കാം .പഠിക്ക് പഠിക്കെന്ന  പല്ലവി മാറ്റി നമുക്ക് എല്ലാത്തിലും പങ്കാളിയാകാമെന്ന്  പറയാം .പ്രായം മറന്ന് അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലാം .അവരോടൊപ്പം ചേരാം .അവരുടെ കോവിഡ് കാല ആകുലതകൾ  മനസ്സിലാക്കാം .കുട്ടികളുടെ മനസ്സ് കണ്ടെത്താം .അവരെ മനസ്സിലാക്കാൻ വെമ്പുന്ന മാതാ പിതാക്കളെ അവരും കണ്ടെത്തട്ടെ .കൂടുതൽ നേരം കുട്ടികൾക്ക് വേണ്ട കാലമാണ് ഇത് സ്നേഹോഷ്മളമായ സമയം നൽകിയാൽ  ഈ പരസ്പരം കണ്ടെത്തൽ സാധ്യമാകും .കോവിഡ്  നാളുകളിലെ വീട്ടിലിരുപ്പു മൂലം കുട്ടികളിൽ ഉണ്ടാകാനിടയുള്ള  കോട്ടങ്ങൾ  കുറയ്ക്കാനും പറ്റും .ഒന്ന് ശ്രമിച്ചു കൂടെ ?

(സി .ജെ .ജോൺ )

പെൺകുട്ടികൾ മൂത്രം പിടിച്ചുവയ്ക്കരുത്, പല കേമൻ സ്‌കൂളുകളിലും നാറുന്ന വൃത്തിഹീനമായ ശുചിമുറികൾ; ഡോക്ടർ എഴുതുന്നത്